തിരുവനന്തപുരം: എംസി റോഡിൽ രണ്ട് കെഎസ്ആർടിസി ബസുകളും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. വാമനപുരത്തുണ്ടായ അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കാരേറ്റ് ഭാഗത്തുനിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന ഒരു കെഎസ്ആർടിസി ബസ് വാമനപുരം ആശുപത്രി ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കാനായി നിറുത്തിയപ്പോഴായിരുന്നു അപകടം. ഈ സമയം ഇതേ ദിശയിൽ പിന്നിൽ നിന്ന് വന്ന മറ്റൊരു കെഎസ്ആർടിസി ബസ് ഇടിച്ചുകയറുകയായിരുന്നു.
ഇതിന് തൊട്ടുപിന്നാലെ വന്ന കാറും ബസിൽ ഇടിച്ചു. ബസിന് പെട്ടെന്ന് ബ്രേക്ക് കിട്ടാതെ വന്നതാണ് അപകടത്തിന് കാരണമായതെന്ന് ഡ്രൈവർ പറഞ്ഞു. കാറിലും ബസിലും ഉണ്ടായിരുന്ന അഞ്ചു പേർക്കാണ് പരിക്കേറ്റത്. അപകടത്തെത്തുടർന്ന് എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു. വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.