കട്ടപ്പന: വണ്ടൻമേട് സർവീസ് സഹകരണബാങ്കിൽ അഴിമതിയെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ബാങ്കിന്റെ കീഴിലുള്ള പുറ്റടി നീതി മെഡിക്കൽ സ്റ്റോറിൽ 13 ലക്ഷത്തിന്റെ തിരുമറി നടന്നത് കണ്ടെത്തി പണം തിരിച്ചടപ്പിച്ചിരുന്നു. ഇപ്പോൾ വീണ്ടും സ്റ്റോക്കിൽ വൻ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഒരു ജീവനക്കാരിയെ സസ്പെൻസ് ചെയ്തു.
എആർ ഓഫീസിൽനിന്നുള്ള ഉദ്യോഗസ്ഥർ കഴിഞ്ഞ മൂന്നുദിവസമായി മെഡിക്കൽ സ്റ്റോറിൽ സ്റ്റോക്ക് പരിശോധന നടത്തുകയാണ്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ മറവിൽ സിപിഎം മുൻ ലോക്കൽ സെക്രട്ടറിയും കുടുംബവും എടുത്തിട്ടുള്ള 30 ലക്ഷത്തിന്റെ വായ്പത്തുക 17 ലക്ഷം രൂപയാക്കി കുറച്ച് ക്ലോസ് ചെയ്യിപ്പിച്ചു. പാർട്ടി സഹചാരികളുടെയും ഭരണസമിതിയുടെ അഭ്യുദയകാംക്ഷകളുടെയും ലോണുകൾ ചുരുങ്ങിയ രീതിയിൽ ക്ലോസ് ചെയ്യാൻ സഹായിച്ച് ബാങ്കിന് വൻ നഷ്ടമുണ്ടാക്കി.
കൂടാതെ, ബാങ്കിന്റെ ക്ലാസിഫിക്കേഷൻ ഇപ്പോൾ അഞ്ചാണ്. നിലവിൽ ബാങ്കിൽ ഏഴു സ്റ്റാഫ് മാത്രമേ പാടുള്ളൂവെങ്കിലും 14 സ്റ്റാഫിനെ ബാങ്ക് സംരക്ഷിച്ചു വരികയാണ്. ബാങ്കിന്റെ ഓഡിറ്റ് റിപ്പോർട്ട് അനുസരിച്ച് ബാങ്ക് ഇപ്പോൾ എട്ടു കോടി രൂപ നഷ്ടത്തിലാണ്. കേരള ബാങ്ക് വഴി നബാർഡിൽനിന്ന് എടുത്തിട്ടുള്ള കാർഷികവായ്പ വക മാറ്റി ചെലവാക്കിയിരിക്കുകയാണ്. ബാങ്കിൽ ഇപ്പോഴുള്ള അംഗങ്ങൾക്ക് നൽകിയിട്ടുള്ള വായ്പ 17 കോടി രൂപയും കേരള ബാങ്കിൽനിന്ന് എടുത്തിട്ടുള്ള വായ്പ 19 കോടി രൂപയുമാണ്.
കൂടാതെ അംഗങ്ങളുടെ നിക്ഷേപം ഏഴു കോടിയും നൽകാനുണ്ട്. ബാങ്കിലെ നിലവിലുള്ള 13 ബോർഡ് അംഗങ്ങളിൽ ഒരാൾ കഴിഞ്ഞ പത്തുവർഷത്തോളമായി ബാങ്കിലെ കുടിശികക്കാരാനാണെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബിൻസ് പാനേസ്, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരൻ, ഡിസിസി അംഗം കെ.പി. സുദർശനൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോബൻ പാന്തേ, ഗ്രാമപഞ്ചായത്ത് മെംബർ ടോണി മക്കോറ എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചു.