മഹാരാഷ്ട്ര-കർണാടക അതിർത്തിയിലെ പ്രമുഖ ജൈന തീർഥാടന കേന്ദ്രമായ നന്ദനി സ്വസ്തിശ്രീ ഭട്ടാരക പട്ടാചാര്യ മഹാസ്വാമി മഠത്തിലെ ഭക്തരുടെ പ്രിയങ്കരിയായ 'മഹാദേവി' എന്ന ആന മഠത്തിൽ തിരിച്ചെത്തി.
ഗുജറാത്തിലെ ജാംനഗറിലുള്ള വൻതാര ആന പുനരധിവാസ കേന്ദ്രത്തിൽ നിന്ന് 409 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വെള്ളിയാഴ്ച അർദ്ധരാത്രിയോടെ ആനയെ സ്വന്തം തട്ടകത്തിലേക്ക് തിരികെ എത്തിച്ചത്.
വനംവകുപ്പ് ഉദ്യോഗസ്ഥരും വൻതാരയിലെ വിദഗ്ധരും മെഡിക്കൽ സംഘവും അടങ്ങുന്ന 42 അംഗ നിരയുടെ മേൽനോട്ടത്തിലാണ് മഹാദേവിയെ പ്രത്യേക വാഹനത്തിൽ സുരക്ഷിതമായി നന്ദനിയിൽ എത്തിച്ചത്.
ആനയുടെ ആരോഗ്യവും പരിചരണവും ഉറപ്പാക്കാൻ മഠം വളപ്പിൽ 'മാധുരി റെസിഡൻസ്' എന്ന പേരിൽ ആധുനിക സൗകര്യങ്ങളോടെ പ്രത്യേക പാർപ്പിടവും സജീകരിച്ചിട്ടുണ്ട്.
മഹാദേവിയുടെ വരവറിഞ്ഞ് കിനി ടോൾ പ്ലാസ മുതൽ നന്ദനി ഗ്രാമം വരെ ആയിരക്കണക്കിന് ഭക്തരാണ് രാത്രി വൈകിയും വീഥികളിൽ തടിച്ചുകൂടിയത്.
വീടുകൾക്ക് മുന്നിൽ രംഗോലികൾ വരച്ചും പാതയോരങ്ങളിൽ ആനയെ വഹിച്ചുകൊണ്ടുള്ള വാഹനം കടന്നുപോയപ്പോൾ പൂക്കൾ വർഷിച്ചുമാണ് ഗ്രാമവാസികൾ ആഹ്ലാദം പ്രകടിപ്പിച്ചത്. പുലർച്ചെ 1.30-ഓടെ മഠത്തിലേക്ക് പ്രവേശിച്ച ആനയെ "ലാഡ്കി മഹാദേവി" എന്ന ഭക്തിനിർഭരമായ വിളികളോടെ ജനങ്ങൾ വരവേറ്റു.
വർഷത്തിലേറെ നീണ്ട വിരഹത്തിന് ശേഷം പ്രിയപ്പെട്ട ആനയെ കണ്ട നിമിഷത്തിൽ മഠാധിപതി സ്വസ്തിശ്രീ ഭട്ടാരക പട്ടാചാര്യ മഹാസ്വാമി ഉൾപ്പെടെയുള്ളവർ വികാരാധീനരായി.
ചടങ്ങിൽ വൻതാര സിഇഒ വിഹാൻ കരാണി, വിവിധ മഠങ്ങളിലെ സ്വാമിജിമാർ, ജനപ്രതിനിധികളായ എം.പി ധൈര്യശീൽ മാനെ, എംഎൽഎ രാഹുൽ ആവാഡെ തുടങ്ങിയ പ്രമുഖരും സംബന്ധിച്ചു.
മഹാദേവി തിരികെ എത്തിയതോടെ ലക്ഷക്കണക്കിന് ഭക്തരുടെ ആത്മീയ കേന്ദ്രമായ നന്ദനി മഠത്തിൽ വീണ്ടും ഉത്സവപ്രതീതി കൈവന്നിരിക്കുകയാണ്.