തൃശൂർ: വരന്തരപ്പള്ളിയിലെ ഗർഭിണിയുടെ മരണത്തിൽ ഭർതൃമാതാവും അറസ്റ്റിൽ. ആറ് മാസം ഗർഭിണിയായിരുന്ന അർച്ചന(20)യാണ് പൊള്ളലേറ്റ് മരിച്ചത്.
അർച്ചനയുടെ പിതാവിന്റെ പരാതിയിൽ ഭർത്താവ് ഷാരോണിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് ഷാരോണിന്റെ അമ്മ മക്കോത്ത് വീട്ടിൽ രജനിയേയും (48) പോലീസ് കസ്റ്റഡിയിലെടുത്തത്.
സ്ത്രീധന പീഡന വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഭർതൃപീഡനത്തിൽ മനംനൊന്താണ് അർച്ചന ജീവനൊടുക്കി എന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
അതേസമയം, അർച്ചനയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മരണസമയത്ത് വീട്ടിൽ ഭർത്താവ് ഷാരോൺ ഉണ്ടായിരുന്നില്ല. അങ്കണവാടിയിൽ പോയ സഹോദരിയുടെ കുട്ടിയെ വിളിക്കാൻ അമ്മ പോയ സമയത്തായിരുന്നു അർച്ചന തീകൊളുത്തിയത്.
ആത്മഹത്യ ഭർതൃ വീട്ടിലെ പീഡനം മൂലമാണെന്നും ശാരീരികമായും മാനസികമായും ഭർത്താവ് ഷാരോൺ അർച്ചനയെ ഉപദ്രവിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു.
മനയ്ക്കലക്കടവ് വെളിയത്തുപറമ്പില് ഹരിദാസിന്റെയും ജിഷയുടെയും മകളാണ് മരിച്ച അര്‍ച്ചന. ബുധനാഴ്ച വൈകിട്ട് നാലിന് വീടിന് പുറകിലെ കോൺക്രീറ്റ് കാനയിലാണ് അര്‍ച്ചനയുടെ മൃതദേഹം കണ്ടെത്തിയത്.