മംഗലംഡാം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, പഞ്ചായത്ത് മെംബർ ഓഫിസ് എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ മംഗലംഡാമിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. ജനമൈത്രി പൊലിസ്, ലൂർദ് മാതാഹയർ സെക്കൻഡറി സ്കൂൾ എന്നിവയുടെ സഹകരണത്തോടെയായിരുന്നു ലഹരിയോട് വിട എന്ന മുദ്രാവാക്യമുയർത്തി ഡാമിൽ നിന്നും ഒടുകൂരിലേക്ക് ഓട്ടം സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് മെംബർ കെ.ജി. എൽദോ ഉദ്ഘാടനം ചെയ്തു.
വാർഡ് മെംബർ ഡിനോയ് കോമ്പാറ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഷാജി വർക്കി ഫ്ലാഗ് ഓഫ് ചെയ്തു. ഡാം സ്റ്റേഷനിലെ എഎസ്ഐ അബ്ദുൾ നാസർ പ്രതിജ്ഞ ചൊല്ലികൊടുത്തു. ലൂർദ് മാതാ ഹയർസെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡന്റ് ബിനു മുളംമ്പിള്ളി, എൻഎസ്എസ് കോ- ഓർഡിനേറ്റർ രമ്യ രഘുനാഥ് എന്നിവർ പ്രസംഗിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി അബാസ് മുബാറക് സ്വാഗതവും സിവിൽ പൊലിസ് ഓഫീസർ പി.എ. സിനീപ് നന്ദിയും പറഞ്ഞു.