ന്യൂഡൽഹി: ഇന്ത്യാസഖ്യം സുപ്രീംകോടതിയിലേക്കു നടത്തിയ ബഹുജന റാലിയിൽ ഒത്തുചേർന്നു പ്രതിപക്ഷത്തെ വിവിധ വിദ്യാർഥി-യുവജന സംഘടനകളും.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ ഇടതുപക്ഷ വിദ്യാർഥി-യുവജന സംഘടനകളും കോൺഗ്രസ് അനുബന്ധ സംഘടനകളായ എൻഎസ്യുഐയും യൂത്ത് കോൺഗ്രസും വേറിട്ട പ്രതിഷേധങ്ങളായിരുന്നു ഇതുവരെയും നടത്തിയതെങ്കിലും ഇന്നലത്തെ മാർച്ചിൽ ഒരേ ആവശ്യം മുന്നോട്ടുവയ്ക്കുന്ന വിവിധ സംഘടനകൾ ഒരുമിച്ചു.
കോൺഗ്രസ് പ്രതിഷേധങ്ങളിൽനിന്ന് അകലം പാലിച്ചിരുന്ന ഇടത് വിദ്യാർഥി നേതാക്കൾ പ്രതിപക്ഷത്തെ മുൻനിര നേതാക്കളോടൊപ്പം ഇന്നലെ ഒരേ വേദി പങ്കിട്ടു.
ഇന്ത്യാസഖ്യ രഥത്തിൽ വിദ്യാർഥി നേതാക്കളും
സുപ്രീം കോടതിയിലേക്ക് ഇന്ത്യാസഖ്യം നേതാക്കൾ ഒരുമിച്ച് ബസ് യാത്ര നയിച്ചപ്പോൾ രാഹുലും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സഞ്ചരിച്ച ബസിൽ ഐസ ദേശീയ അധ്യക്ഷ നേഹ ബോറയും എസ്എഫ്ഐ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷും ക്രാന്തികാരി യുവ സംഘടൻ നേതാവ് മുദിത കുഷ്വാഹയും യാത്രക്കാരായുണ്ടായിരുന്നു.
ഇന്നലെ മാർച്ചിനു മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ രാജി ആവശ്യപ്പെട്ടുള്ള സമാന്തര പ്രതിഷേധങ്ങൾക്കിടയിൽ വേർതിരിവുകൾ ഇല്ലെന്നും അവയെല്ലാം ഒരൊറ്റ മുന്നേറ്റത്തിന്റെ ഭാഗമാണെന്നും രാഹുൽ പറഞ്ഞതിൽനിന്നു തന്നെ പ്രതിഷേധങ്ങൾ ഒരുമിക്കുമെന്ന സൂചന ലഭിച്ചിരുന്നു.
ഇടതു വിദ്യാർഥി നേതാക്കളെ ഇന്ത്യാ സഖ്യം നേതാക്കളോടൊപ്പം ഒരൊറ്റ ബസിലാക്കിയും മാർച്ചിൽ എൻഎസ് യുഐയുടെയും ഐഎഎസ്എഫിന്റെയും എംഎസ്എഫിന്റെയും എസ്എഫ്ഐയുടെയും കൊടികൾ ഒരുമിപ്പിച്ചതിലൂടെയും വരുംദിവസങ്ങളിൽ പ്രതിഷേധങ്ങൾ ഒന്നാകുമെന്ന സന്ദേശമാണ് ലഭിക്കുന്നത്.