ന്യൂഡൽഹി: ദേശീയ അധ്യക്ഷൻ നിതിൻ നബീന്റെ നേതൃത്വത്തിലുള്ള ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹി സംഘത്തിൽ വനിതകൾക്ക് വൻ പ്രാതിനിധ്യം. പാർട്ടിയുടെ നിർണായക പദവികളിൽ വനിതാ നേതാക്കളുടെ സാന്നിധ്യം ശക്തമാക്കുന്ന ഭാരവാഹി പട്ടികയാണ് പാർട്ടി കേന്ദ്ര നേതൃത്വം പുറത്തുവിട്ടത്.
13 ദേശീയ ഉപാധ്യക്ഷന്മാരിൽ വസുന്ധര രാജെ സിന്ധ്യ (രാജസ്ഥാൻ), ഡി. പുരന്ദേശ്വരി (ആന്ധ്രാപ്രദേശ്), രേഖാ വർമ (ഉത്തർപ്രദേശ്), വർഷാബെൻ നരേന്ദ്രഭായ് ദോഷി (ഗുജറാത്ത്), ഡോ. ഭാരതി പ്രവീൺ പവാർ (മഹാരാഷ്ട്ര), ഡോ. മധുച്ഛന്ദ കർ (പശ്ചിമ ബംഗാൾ) എന്നീ ആറ് വനിതാ നേതാക്കൾ ഉൾപ്പെടുന്നു. മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ (ഉത്തർപ്രദേശ്) ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ച് സംഘടനാ രംഗത്തേക്ക് തിരികെ കൊണ്ടുവന്നതാണ് മറ്റൊരു പ്രധാന മാറ്റം.
കവിതാ പാട്ടീദാർ (മധ്യപ്രദേശ്), ഫാംഗ്നോൺ കൊന്യാക്, സംഗീതാ യാദവ് (ഉത്തർപ്രദേശ്) എന്നിവരെ ദേശീയ സെക്രട്ടറിമാരായും, രൂപ് കുമാരി ചൗധരിയെ (ഛത്തീസ്ഗഢ്) മഹിളാ മോർച്ച ദേശീയ അധ്യക്ഷയായും, പ്രീതി ഗാന്ധിയെ (മഹാരാഷ്ട്ര) സോഷ്യൽ മീഡിയ കോ-കൺവീനറായും നിയമിച്ചിട്ടുണ്ട്.