കൽപ്പറ്റ: എറണാകുളം കാക്കനാട് കരിമുകളിലെ മില്ലിൽനിന്ന് 2021 ജൂണിൽ പിടിച്ചെടുത്ത 54 കഷണം ഈട്ടിയുടെ ഉറവിടം വർഷങ്ങൾ കഴിഞ്ഞിട്ടും കണ്ടെത്താനാകാതെ വനംവകുപ്പ്.
വയനാട് ജില്ലാ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന അഡ്വ. ജോസഫ് മാത്യുവിനു വിവരാവകാശ നിയമപ്രകാരം സൗത്ത് വയനാട് ഡിഎഫ്ഒയുടെ കാര്യാലയത്തിൽനിന്ന് ഈയിടെ ലഭിച്ച മറുപടിയിലാണ് തടികൾ എവിടെനിന്നു മുറിച്ച മരങ്ങളുടേതാണെന്നു സ്ഥിരീകരിക്കാനായില്ലെന്നു വിശദമാക്കുന്നത്. വാഴവറ്റ സ്വദേശികളായ അഗസ്റ്റിൻ സഹോദരൻമാരെ ഈട്ടിമുറിയുമായി ബന്ധപ്പെട്ട വനം, പോലീസ് കേസുകളിൽ എന്തിന് 60 ദിവസം ജയിലിൽ കിടത്തിയെന്ന ചോദ്യവും ഇതിനിടെ ഉയരുകയാണ്.
മുട്ടിൽ സൗത്ത് വില്ലേജിൽ റവന്യു പട്ടയഭൂമികളിൽ നടന്ന അനധികൃത ഈട്ടിമുറിയുമായി ബന്ധപ്പെട്ട് മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ 2021 ഫെബ്രുവരി എട്ടിന് രജിസ്റ്റർ ചെയ്ത ഒആർ 1/2021 നന്പർ കേസിലാണ് വനംവകുപ്പ് 54 കഷണം ഈട്ടിയും ഇത് കടത്താനുപയോഗിച്ച കെഎൽ 19- 2765 നന്പർ ലോറിയും കസ്റ്റഡിയിലെടുത്തത്. ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്ററുടെ നിർദേശപ്രകാരമായിരുന്നു റേഞ്ച് ഓഫീസറുടെ നടപടി.
മതിയായ രേഖകളില്ലാതെ 2021 ഫെബ്രുവരി മൂന്നിനു വാഴവറ്റയിൽനിന്നു കയറ്റി പിറ്റേന്ന് കാക്കനാട് കരിമുകളിൽ ഇറക്കിയ ഈട്ടിത്തടികളാണ് പിടിച്ചെടുത്തതെന്നാണ് വനം വകുപ്പ് അറിയിച്ചത്. വാഴവറ്റയിൽനിന്നുള്ള ലോഡിന്റെ പരിശോധന ചെക്പോസ്റ്റുകളിൽ നടന്നില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
കസ്റ്റഡിയിലെടുത്ത ഈട്ടിത്തടികൾ വന നിയമം 61 എ പ്രകാരം കണ്ടുകെട്ടിയിട്ടില്ല. കേസിൽ അഞ്ച് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. മുട്ടിൽ സൗത്ത് വില്ലേജിലെ റവന്യു പട്ടയഭൂമികളിൽ 2020 നവംബർ, ഡിസംബർ, 2021 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നടന്ന അനധികൃത ഈട്ടിമുറിക്കേസുകളിലും കുറ്റപത്രമായില്ല. ഒആർ 01/2021 മുതൽ 43/2021 വരെ കേസുകളിലാണ് കുറ്റപത്രം സമർപ്പിക്കാനുള്ളത്. കുറ്റപത്ര സമർപ്പണം അനിശ്ചിതമായി നീളുന്നതിനു കാരണം വനംവകുപ്പ് വ്യക്തമാക്കുന്നില്ല.
അനധികൃത മരംമുറിക്ക് വയനാട് കളക്ടറുടെ നിർദേശപ്രകാരം 2021 ജൂണ്‍ മൂന്നിന് വൈത്തിരി തഹസിൽദാർ നൽകിയ പരാതിയിൽ മീനങ്ങാടി പോലീസ് രജിസ്റ്റർ ചെയ്ത 281/2021 നന്പർ കേസിൽ 2023 ഡിസംബർ രണ്ടിന് ബത്തേരി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും പൊതുമുതൽ നശിപ്പിച്ചതിന് പിഡിപിപി നിയമത്തിലെ വകുപ്പ് 3(1) അനുസരിച്ചുമായിരുന്നു കുറ്റപത്രം.