കൈനകരി: കൈനകരി പന്പയാറ്റിൽ നടന്ന സിബിഎൽ ആറാം സീസൺ ഒന്‍പതാമത് മത്സരത്തിൽ കൈനകരി യുബിസി എഫ്സി തുഴഞ്ഞ വീയപുരം ചുണ്ടൻ ജേതാവായി.
പള്ളാതുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപ്പാടം ചുണ്ടനുമായി ഇഞ്ചോടിഞ്ച് നടന്ന വാശിയേറിയ മത്സരത്തിൽ ഏതാനും മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിൽ പിന്തള്ളിയാണ് വീയപുരം ഇക്കുറി ജേതാവായത്.
അരോമ ബോട്ട് ക്ലബ് തുഴഞ്ഞ അരോമ ചുണ്ടന് മൂന്നാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.നെഹ്രറുട്രോഫി ഫൈനലിലെ വാശി ആവർത്തിച്ച കൈനകരി നെട്ടായത്തിൽ റിക്കാർഡുകൾ തിരുത്തിയാണ് യുബിസിയുടെ വീയപുരം ഒന്നാമതായി ഫിനിഷ് ചെയ്തത്.
ആദ്യപാദ മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയവരുടെ ഫൈനലിൽ നിരണം ചുണ്ടനും മൂന്നാം സ്ഥാനത്തെത്തിയവരുടെ ഫൈനലിൽ ആർപ്പുക്കര ചുണ്ടനും ഒന്നാം സ്ഥാനം നേടി. വെപ്പ് ബി ഗ്രേഡ് വള്ളങ്ങളുടെ മത്സരത്തിൽ ചാംബ്യനും ഇരുട്ടുകുത്തി വളളങ്ങളുടെ മത്സരത്തിൽ സെന്റ് ജോസഫും വിജയികളായി.
കൊടിക്കുന്നിൽ സുരേഷ് എംപി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.റെജി ചെറിയാൻ എംഎൽഎ ട്രോഫികൾ വിതരണം ചെയ്തു.മത്സരം വീക്ഷിക്കുവാനായി നാടിന്റെ നാനാഭാഗത്തു നിന്നുമായെത്തിയ നൂറ് കണക്കിന് വരുന്ന ജലോത്സവ പ്രേമികൾ കൈനകരിയുടെ ഇരുകരകൾക്കും വൻ ആവേശമായി.
സ്വന്തം തട്ടകത്തിൽ വീയപുരത്തിന് അട്ടിമറിവിജയം
കുട്ടനാട്: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന് വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) ആറാം സീസണിന്റെ ആലപ്പുഴ കൈനകരിയില്‍ നടന്ന ഒമ്പതാം മത്സരത്തില്‍ യുബിസി കൈനകരി എഫ് സി തുഴഞ്ഞ വീയപുരത്തിന് അട്ടിമറി വിജയം.
വള്ളം കളിയുടെ മെക്കയെന്നറിയപ്പെടുന്ന കൈനകരിയിലെ പമ്പയാറിലെ നെട്ടായത്തിലെ സ്വന്തം തട്ടകത്തില്‍ മിന്നല്‍പ്പിണര്‍ പോലെയാണ് യുബിസി എഫ് സി (3.52.935 മിനിറ്റ്) തുഴഞ്ഞു കയറിയത്. മത്സരം തുടങ്ങി ആദ്യ പാദത്തില്‍ പത്ത് തുഴപ്പാടുകള്ക്കെങ്കിലും യുബിസി കൈനകരി അനിഷേധ്യ ലീഡ് കരസ്ഥമാക്കി. പകുതിയോടെ ലീഡ് അരവള്ളപ്പാടിലേക്ക്.
പകുതിയ്ക്ക് ശേഷം കൊല്ലം അരോമ ബോട്ട് ക്ലബ്ബിന്റെ അരോമ ചുണ്ടന്റെ അമ്പരപ്പിക്കുന്ന വെല്ലുവിളി. ഇതേസമയം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന് ഒപ്പമെത്താന്‍ കിണഞ്ഞു പരിശ്രമിച്ചു. തുടക്കത്തില്‍ നേടിയ ലീഡ് മുതലെടുത്ത് യുബിസി എഫ് സി കൈനകരി വിജയത്തിലേക്കെത്തി.
ഫിനിഷ് സമയത്ത് ട്രാക്ക് തെറ്റിച്ചതിനാല്‍ രണ്ടാമതെത്തിയെങ്കിലും അരോമ ചുണ്ടന് സിബിഎല്‍ സാങ്കേതിക സമിതി അഞ്ച് സെക്കൻഡ് പിഴ ചുമത്തിയിരുന്നു. അതിനാല്‍ മേൽപ്പാടം ചുണ്ടന് (പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്) (3.53.892 മിനിറ്റ്) രണ്ടാം സ്ഥാനവും അരോമ ചുണ്ടന് (3.58.188 മിനിറ്റ്) മൂന്നാം സ്ഥാനവും പ്രഖ്യാപിച്ചു.
കൊടിക്കുന്നില്‍ സുരേഷ് എംപി കൈനകരിയിലെ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. സിബിഎല്‍ ഭരണസമിതി അംഗങ്ങള്‍, ടൂറിസം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഓടി, വെപ്പ് വള്ളങ്ങളുടെ പ്രാദേശിക മത്സരവും ഇതോടനുബന്ധിച്ച് നടന്നു. ഒമ്പത് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ പട്ടികയില്‍ 82 പോയിന്റുമായി അരോമ ഒന്നാം സ്ഥാനം നിലനിറുത്തുന്നു. 81 പോയിന്റുമായി മേല്‍പ്പാടം രണ്ടാമതും 73 പോയിന്റുമായി വീയപുരം മൂന്നാം സ്ഥാനത്തും നിലയുറപ്പിക്കുന്നു.
കൈനകരിയിലെ മത്സരഫലം
വീയപുരം ചുണ്ടൻ-(യുബിസികൈനകരി എഫ് സി) ഒന്ന്, മേൽപ്പാടം ചുണ്ടൻ- (പള്ളാത്തുരുത്തി ബോട്ട് ക്ലബ്) രണ്ട്, അരോമ ചുണ്ടൻ- (അരോമ ബോട്ട് ക്ലബ്, പരവൂർ, കൊല്ലം) മൂന്ന്, നിരണം ചുണ്ടൻ- (നിരണം ബോട്ട് ക്ലബ്, നിരണം) നാല്, നടുഭാഗം ചുണ്ടൻ- (പിബിസി പുന്നമട എന്സഎഫ് സി ബോട്ട് ക്ലബ്) അഞ്ച്, പുണ്യാളൻ നിരണം- (കുമരകം ടൗൺ ബോട്ട് ക്ലബ്,കുമരകം) ആറ്, ആർപ്പൂക്കര ചുണ്ടൻ-(ഇമ്മാനുവ ബോട്ട് ക്ലബ്, കുമരകം) ഏഴ് ചെറുതന ചുണ്ടൻ- (എന്‍ബിസി നാട്ടകം ബോട്ട് ക്ലബ്) എട്ട്, തലവടി ചുണ്ടൻ-(വില്ലേജ് ബോട്ട് ക്ലബ്) ഒമ്പത്.
ഫൈനലടക്കം ആകെ 11 മത്സരങ്ങളുള്ള ഈ സീസണിലെ മറ്റ് ലീഗ് പോരാട്ടങ്ങൾ- 14ന് കായംകുളത്തും 21ന് കൊല്ലത്തും നടക്കും. 21ന് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോടെയാണ് സിബിഎൽ ആറാം സീസണിന് സമാപനമാവുന്നത്. ഓരോ മത്സരവേദികളിലും വിജയികളാകുന്നവരില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്. ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.