ആഡംബര ഫാഷൻ ലോകത്തെ വിചിത്രമായ പരീക്ഷണങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടംനേടാറുണ്ട്. അത്തരത്തിൽ സ്വിസ്-ഫ്രഞ്ച് ലക്ഷ്വറി ബ്രാൻഡായ വെറ്റ്മെന്റ്സ് പുറത്തിറക്കിയ പുതിയൊരു ഡെനിം സ്കർട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
വസ്ത്രത്തിന്റെ ഉൾഭാഗം പുറത്തുകാണുന്ന രീതിയിൽ ഡിസൈൻ ചെയ്ത ഈ പാവാടയെക്കുറിച്ചുള്ള ചർച്ചകൾക്ക് ചൂടുപിടിച്ചത് പ്രമുഖ ഇന്ത്യൻ ഇൻഫ്ലുവൻസർ യശസ്വി ആചാര്യ പങ്കുവെച്ച ഒരു റിയാക്ഷൻ വീഡിയോയിലൂടെയാണ്.
പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ മിന്ത്രയിലെ ഈ ഉൽപ്പന്നത്തിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് അവർ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ വീഡിയോ പങ്കുവെച്ചത്.
വസ്ത്രം അബദ്ധത്തിൽ മാറി ധരിച്ചതല്ലെന്നും, മനപ്പൂർവ്വം ഉൾഭാഗം പുറത്താക്കി തുന്നിയെടുത്തതാണ് ഈ ഡിസൈനെന്നും യശസ്വി വീഡിയോയിൽ വ്യക്തമാക്കുന്നു.
സാധാരണയായി വസ്ത്രത്തിനുള്ളിൽ ഒളിച്ചുകിടക്കുന്ന വെളുത്ത പോക്കറ്റ് ലൈനിംഗുകൾ, പുറത്തേക്ക് തൂങ്ങിക്കിടക്കുന്ന ബ്രാൻഡിന്റെ ലേബൽ, ബട്ടണുകൾ, തുന്നലുകൾ എന്നിവയെല്ലാം ഈ പാവാടയിൽ പുറമേ കാണാം.
പുറകിലും പോക്കറ്റിന്റെ ഔട്ട്ലൈനുകളും ലെതർ ലോഗോ പാച്ചുമെല്ലാം ഉൾഭാഗം തിരിച്ചിട്ട രീതിയിൽ തന്നെയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ചുരുക്കത്തിൽ, വസ്ത്രം പൂർണമായും തലകീഴായി മറിച്ച് തുന്നിയെടുത്ത ഒരു ലുക്കാണ് ഇതിനുള്ളത്.
ഡിസൈനറെ പരിഹസിച്ചുകൊണ്ട്, ഇയാൾ പ്രപഞ്ചത്തെ മുഴുവൻ തിരിച്ചിട്ടിരിക്കുകയാണെന്ന് യശസ്വി വീഡിയോയിൽ തമാശയായി പറയുന്നുമുണ്ട്. എന്നാൽ ഈ വിചിത്രമായ ഡിസൈനേക്കാൾ ആളുകളെ ഞെട്ടിച്ചത് ഇതിന്റെ വിലയാണ്.
മിന്ത്രയിൽ 1,85,000 രൂപ വിലയുള്ള ഈ സ്കർട്ട്, നിലവിൽ വൻ ഡിസ്കൗണ്ടിൽ 96,990 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. വസ്ത്രത്തിന്റെ ഉൾഭാഗം കാണിക്കുന്ന ഇത്തരം ഒരു ഫാഷൻ പരീക്ഷണത്തിനായി ഇത്രയും വലിയ തുക മുടക്കേണ്ടതുണ്ടോ എന്നാണ് ഇൻഫ്ലുവൻസറും സോഷ്യൽ മീഡിയ ഉപയോക്താക്കളും ഒരേപോലെ ചോദിക്കുന്നത്.
ലക്ഷങ്ങൾ വിലമതിക്കുന്ന ഈ 'ഇൻസൈഡ്-ഔട്ട്' സ്കർട്ട് ഇപ്പോൾ സൈബർ ലോകത്ത് വലിയ രീതിയിലുള്ള ട്രോളുകൾക്കും വിമർശനങ്ങൾക്കും കാരണമായി മാറിയിരിക്കുകയാണ്.