കോഴിക്കോട്: മലബാര്‍ മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്(മില്‍മ) മാനേജിംഗ് ഡയറക്ടര്‍ എന്‍.കെ. പ്രേംലാലിനെ ഇന്ത്യന്‍ ഡയറി അസോസിയേഷന് (ഐഡിഎ) ദക്ഷിണമേഖല വൈസ് ചെയര്‍മാനായി തെരഞ്ഞെടുത്തു.
ദക്ഷിണമേഖലയിലെ ഐഡിഎ അംഗങ്ങള്‍ പങ്കെടുത്ത തെരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി വിജയിച്ചത്.
1948ല്‍ സ്ഥാപിതമായ ഇന്ത്യന്‍ ഡയറി അസോസിയേഷന് രാജ്യത്തെ ക്ഷീരമേഖലയിലെ പ്രമുഖ ദേശീയ സംഘടനയാണ്. ക്ഷീരസഹകരണ സ്ഥാപനങ്ങള്‍, ക്ഷീരവ്യവസായം, ഗവേഷണവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവരെ ഒരുമിപ്പിച്ച് ക്ഷീരമേഖലയുടെ സാങ്കേതികവും ശാസ്ത്രീയവുമായ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇന്ത്യന്‍ ഡയറി അസോസിയേഷന്.
ക്ഷീരസഹകരണ മേഖലയില്‍ 37 വര്‍ഷത്തിലേറെ പ്രവര്‍ത്തനപരിചയമുള്ള പ്രേംലാല്‍ ഡയറി ടെക്നോളജയിലും മാനേജ്മെന്റിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
പാല് സംസ്കരണം, ഗുണനിലവാര നിയന്ത്രണം, ഭരണനിര്‍വഹണം, സഹകരണ നിയമം, ക്ഷീരവ്യവസായ വികസനം തുടങ്ങിയ മേഖലകളില്‍ ദീര്‍ഘകാല അനുഭവസമ്പത്തുള്ള അദ്ദേഹം നിലവില്‍ മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ മാനേജിംഗ് ഡയറക്ടറാണ്.