ചെറുതോണി: വിദ്യാജ്യോതി വിദ്യാഭ്യാസ സഹായ പദ്ധതി എന്ന പേരിൽ ഉന്നത വിദ്യാഭ്യാസം തേടുന്ന വിദ്യാർഥികൾക്ക് സഹായഹസ്തമൊരുക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി. വി.പി. മേരി വെളിഞ്ചായിൽ എൻഡോവ്മെന്റ് പദ്ധതിയിലൂടെയാണ് വിദ്യാർഥികൾക്ക് അവസരം ഒരുക്കുന്നത്. പ്ലസ്ടുവിനുശേഷം ഉപരിപഠനത്തിന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ജില്ലയിലെ 14 പഞ്ചായത്തുകളിലുള്ള സ്വാശ്രയസംഘ പ്രവർത്തകരുടെ മക്കൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ജിഡിഎസ് സംഘാംഗങ്ങളായ മാതാപിതാക്കളുടെ സാമ്പത്തികഭാരം കുറയ്ക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ഫാ. തോമസ് ആനിമൂട്ടിൽ നിർവഹിച്ചു. ഗ്രീൻവലി ഡെവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ.സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ അധ്യക്ഷത വഹിച്ചു.
ഫാ. ഷാജു ചാമപ്പാറ, ഫാ. സൈജു പുത്തൻപറമ്പിൽ, ഫാ. ഷിജു അവണ്ണൂർ, ഫാ. ഷെറിൻ കുരിക്കലേട്ട്, ഫാ. ദീപു ഇറപുറത്ത്, സിസ്റ്റർ ജിജി വെളിഞ്ചായിൽ, സിസ്റ്റർ ലിനറ്റ് എസ്വിഎം, ഡോ. മാത്യു പുള്ളോലിൽ, ഷാജി കണ്ടച്ചാൻകുന്നേൽ, ജിഡിഎസ് പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ, ജസ്റ്റിൻ നന്ദിക്കുന്നേൽ എന്നിവർ പങ്കെടുത്തു.