തമിഴ്നാട് മുഖ്യമന്ത്രിയും പ്രശസ്ത നടനുമായ വിജയിയെ നേരിട്ടു കാണാനും കെട്ടിപ്പിടിക്കാനുമായി ഡൽഹിയിലെ തിരക്കേറിയ റോഡിൽ കിടന്ന ഒരു ആരാധകയുടെ സംഭവം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.
ന്യൂഡൽഹിയിലെ ജന്ദർ മന്ദിറിന് സമീപമാണ് വഴിയാത്രക്കാരെയും സുരക്ഷാ ജീവനക്കാരെയും ഒരുപോലെ അമ്പരപ്പിച്ച ഈ സംഭവം അരങ്ങേറിയത്.
റോഡിന് നടുവിൽ ഇരിക്കുകയും പിന്നീട് നടുറോഡിൽ കിടക്കുകയും ചെയ്ത യുവതി താൻ ഉന്നയിച്ച ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു.
സെപ്റ്റംബർ 29-ന് നടന്ന ഈ സംഭവം ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററായ സയ്യിദ് ഖമർ അലിയാണ് ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്. വിവരം അറിഞ്ഞെത്തിയ വനിതാ പൊലിസ് ഉദ്യോഗസ്ഥർ യുവതിയെ സംസാരിച്ച് ബോധ്യപ്പെടുത്തി റോഡിൽ നിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും അവർ കടുത്ത എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു.
തന്നെ തൊടരുതെന്നും ഇത് തന്റെ വ്യക്തിപരമായ അവകാശമാണെന്നും വാദിച്ച് പൊലിസുകാരോട് തർക്കിച്ച യുവതി, വിജയ് നേരിട്ടെത്തി കെട്ടിപ്പിടിക്കാതെ നടുറോഡിൽ നിന്നും മാറില്ലെന്ന വാശി തുടർന്നു.
യാത്രക്കാർക്ക് തടസം സൃഷ്ടിക്കുന്നതിനെക്കുറിച്ച് ക്യാമറയ്ക്ക് മുന്നിൽ ചോദ്യങ്ങൾ ഉയർന്നിട്ടും തന്റെ തീരുമാനത്തിൽ തന്നെ അവർ ഉറച്ചുനിന്നു. ഇതോടെ സംഭവം ഇന്റർനെറ്റിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ചു.
തമിഴ്നാട് രാഷ്ട്രീയത്തിൽ സജീവമായ വിജയിയെ കാണാൻ ചെന്നൈയ്ക്ക് പോകുന്നതിന് പകരം ഡൽഹിയിലെ റോഡിലിറങ്ങിയതിനെ കളിയാക്കിയും, ഡൽഹി പൊലിസിന്റെ ക്ഷമയെ പുകഴ്ത്തിയും നിരവധിയാളുകൾ രംഗത്തെത്തി.
എന്നാൽ ആ സമയത്ത് വിജയ് ഡൽഹിയിൽ ഉണ്ടായിരുന്നതായി ഒരു സൂചനയുമില്ല. ഇത്തരം വിചിത്രമായ വഴിയിലൂടെ ശ്രദ്ധനേടാൻ ശ്രമിച്ച യുവതിക്കെതിരെ പൊലിസ് നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.