തിരുവനന്തപുരം: ഇടതുമുന്നണിയുടെ നേതൃത്വത്തിൽ നടന്ന വികസന മുന്നേറ്റ ജാഥ വിലയിരുത്താൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ചേരും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോണ്ഗ്രസ്-എം ചെയർമാൻ ജോസ് കെ.മാണി എന്നിവർ ക്യാപ്റ്റന്മാരായ ജാഥ കഴിഞ്ഞ ദിവസങ്ങളിലാണ് അവസാനിച്ചത്.
ജാഥയെ സംബന്ധിച്ചു പാർട്ടി ജില്ലാ കമ്മിറ്റികൾ അവലോകനം നടത്തി സംസ്ഥാന നേതൃത്വത്തിനു റിപ്പോർട്ടു നൽകിയിരുന്നു. മൂന്നു ജാഥകളും മികച്ച വിജയമായിരുന്നുവെന്ന വിലയിരുത്തലാണു സിപിഎം പൊതുവേ നടത്തിയത്. സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ജാഥയ്ക്കു ഒരു പരിധിവരെ കഴിഞ്ഞുവെന്ന അഭിപ്രായമാണ് ഇടതു നേതാക്കൾക്കും ഉള്ളത്.
ജാഥയും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചർച്ച ചെയ്യാൻ 23ന് ഇടതുമുന്നണി യോഗവും ചേരുന്നുണ്ട്. പാർട്ടി എംഎൽഎമാർ മണ്ഡലങ്ങളിൽ സർക്കാർ പൊതുവേ നടത്തിയ വികസന പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നതിൽ ശ്രദ്ധകൊടുത്തില്ലെന്ന ആക്ഷേപം സിപിഎം നേതൃത്വത്തിനുണ്ട്. പകരം മണ്ഡലങ്ങളിൽ ജനപ്രതിനിധിയെന്ന നിലയിൽ അവർ നടത്തിയ പ്രവർത്തനങ്ങൾ എടുത്തുകാണിക്കുന്നതിലാണു കൂടുതൽ മുൻഗണന നൽകിയത്. ഇടതുസർക്കാരിന്റെ കഴിഞ്ഞ പത്തുവർഷത്തെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ കുറവുണ്ടായെന്ന വിമർശനം പാർട്ടിക്കുള്ളിൽ ഉണ്ടായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്തിയപ്പോഴും ഈ അഭിപ്രായം തന്നെയാണു കീഴ്ഘടകങ്ങളിൽ നിന്നും പാർട്ടിക്കു ലഭിച്ചത്. ഗൃഹസന്ദർശനം നടത്തിയപ്പോഴും ജനങ്ങളിൽ നിന്നും ഇതേ അഭിപ്രായം ഉയർന്നിരുന്നു. പാർട്ടി എംഎൽഎമാർ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ വേണ്ടത്ര താത്പര്യം പ്രകടിപ്പിച്ചില്ലെന്നും ഗൃഹസന്പർക്ക പരിപാടിയുമായി ബന്ധപ്പെട്ട ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. നാളെ ചേരുന്ന സെക്രട്ടേറിയറ്റ് ഇക്കാര്യം പരിശോധിക്കും. ഇതിനുശേഷമാകും മത്സരിക്കുന്നതിലെ ടേം വ്യവസ്ഥയടക്കമുള്ള കാര്യങ്ങളിൽ സിപിഎം തീരുമാനമെടുക്കുക.
നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കമാകും ഇടതുമുന്നണി യോഗത്തിലെ പ്രധാന അജണ്ട. വികസന മുന്നേറ്റ ജാഥയുടെ വിലയിരുത്തലും യോഗത്തിലുണ്ടാകും. മുന്നണിയിലെ സീറ്റു വിഭജന ചർച്ച തുടർ ദിവസങ്ങളിൽ നടത്താനാണ് ആലോചന. സിപിഎം, സിപിഐ, കേരള കോണ്ഗ്രസ്-എം എന്നീ പാർട്ടികൾ തമ്മിലാകും പ്രധാനമായും ചർച്ച നടക്കുക. തെരഞ്ഞെടുപ്പു പ്രഖ്യാപനം വരുന്നതിനു മുന്പു തന്നെ ഇടതുമുന്നണിയിലെ സീറ്റു വിഭജനം പൂർത്തിയാക്കാനാണു തീരുമാനം.
സോഷ്യൽ മീഡിയാ മുഖം മിനുക്കാൻ സിപിഎം
നിയമസഭാ തെരഞ്ഞെടുപ്പു മുന്നിൽ കണ്ടു പാർട്ടിയുടെ സോഷ്യൽ മീഡിയയുടെ മുഖം മിനുക്കാൻ സിപിഎം. നിലവിൽ എം.വി. നികേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള മുതിർന്ന മാധ്യമ പ്രവർത്തകരുടെ സംഘമാണു പാർട്ടിയുടെ സോഷ്യൽ മീഡിയാ സംഘത്തിന്റെ ഭാഗമായി പ്രവർത്തിച്ചു വരുന്നത്.
പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിനാണു സോഷ്യൽ മീഡിയയുടെ നിയന്ത്രണം. സർക്കാരിന്റെ ഭരണനേട്ടങ്ങൾ പ്രചരിപ്പിക്കുക എന്നതായിരുന്നു ഈ ടീമിന്റെ പ്രധാന ജോലി. എന്നാൽ ഉദ്ദേശിച്ച ഗുണം ഇതിലൂടെ ലഭിച്ചില്ലെന്ന ആക്ഷേപം പാർട്ടിക്കുണ്ടായിരുന്നു.
ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയാ ടീമിൽ കൂടുതൽ മിടുക്കരെ ഉൾപ്പെടുത്തി സജീവമാക്കാൻ നികേഷിനു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നിർദേശം നൽകി. നിലവിലുള്ളവരെ ഒഴിവാക്കാതെ മുന്നോട്ടുപോകണമെന്നും പറഞ്ഞിരുന്നു.
എന്നാൽ നിലവിലെ ടീമിലുള്ളവർക്കിടയിലെ അഭിപ്രായ വ്യത്യാസം സോഷ്യൽ മീഡിയയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുവെന്ന പരാതി കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഉണ്ടായി. ഈ സാഹചര്യത്തിലാണു പുതിയ മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി സോഷ്യൽ മീഡിയാ ടീം വിപുലീകരിക്കാൻ സിപിഎം തീരുമാനിച്ചിരിക്കുന്നത്.