“ഇന്ത്യയുടെ ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിൽ ക്രൈസ്തവരുടെ സാന്നിധ്യം വളരെ സജീവമാണ്. അതിന്റെ ഫലമായി ഗോത്രസമൂഹങ്ങൾക്കിടയിൽ മതംമാറ്റം വർധിക്കാൻ ഇടയായിട്ടുണ്ട്. ഇതെല്ലാം ഉടൻ അവസാനിപ്പിക്കും, ഹിന്ദുത്വ അതിന്റെ ശക്തി കാണിക്കും.”
ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് 2024 ജനുവരി 30ന് ഒരു പൊതുപരിപാടിക്കിടെ റായ്പൂരിൽ പറഞ്ഞ ഈ വാക്കുകൾ, അന്ന് ദേശീയതലത്തിൽ വ്യത്യസ്തങ്ങളായ രാഷ്ട്രീയ പ്രതികരണങ്ങളുണ്ടാക്കിയിരുന്നു.
2023 ഡിസംബർ 13നാണ് വിഷ്ണു ദിയോ സായ് നേതൃത്വം നൽകുന്ന ബിജെപി സർക്കാർ ഛത്തീസ്ഗഡിൽ അധികാരമേറ്റത്. അദ്ദേഹത്തിന്റെ സർക്കാരിൽനിന്നും തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളിൽനിന്നും ഛത്തീസ്ഗഡിലെ ക്രൈസ്തവർ വിവേചനവും ഭീഷണികളും നേരിടുന്നതായുള്ള വാർത്തകൾ ഇപ്പോൾ വാർത്തയല്ലാതായിരിക്കുന്നു! ഛത്തീസ്ഗഡിലെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളുടെ നെടുംതൂണായി നിന്നു സർക്കാരിനൊപ്പം പ്രവർത്തിക്കുന്ന ക്രൈസ്തവസമൂഹത്തെ, മതപരിവർത്തന ലോബിയായി ചിത്രീകരിച്ചുകൊണ്ട് പൊതുസമൂഹത്തിൽ ഒരു സംസ്ഥാന മുഖ്യമന്ത്രി ഇത്തരമൊരു നേരിട്ടുള്ള പ്രസ്താവന പുറപ്പെടുവിക്കുന്നത് ഇതാദ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുകയുണ്ടായി!
ക്രിസ്ത്യൻ മിഷണറിമാർ ‘വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണ സൗകര്യങ്ങളും നൽകുന്നതിന്റെ മറവി’ൽ മതപരിവർത്തനം നടത്തുകയാണെന്നാണ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് പരസ്യമായി ആരോപിക്കുകയും ‘ഹിന്ദുത്വം അതിന്റെ ശക്തി കാട്ടും’ എന്ന് പ്രസ്താവിക്കുകയും ചെയ്തത്!
മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് രണ്ടു കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുർഗിൽ 2025 ജൂലൈ 25ന് അറസ്റ്റ് ചെയ്ത സംഭവം ദേശീയ തലത്തിൽ ചർച്ചചെയ്യപ്പെട്ടതാണല്ലോ. ഛത്തീസ്ഗഡ് സംസ്ഥാനത്ത് ‘മത-പരിവർത്തനം’ മുൻ സർക്കാരുകളുടെ കാലത്തും രാഷ്ട്രീയ രംഗത്ത് തർക്കവിഷയമായിട്ടുണ്ട്. ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിൽ മതപരിവർത്തനം തടയുന്നതിനുള്ള നിയമങ്ങൾ നിലവിലുണ്ട്! ഛത്തീസ്ഗഡിൽ നിലവിലുള്ള നിയമത്തിൽ കർശനമായ കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നും ആവശ്യമെങ്കിൽ പുതിയ ഒരു മതപരിവർത്തന നിരോധന നിയമം കൊണ്ടുവരാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പിന്നീട് ഒരവസരത്തിൽ മുഖ്യമന്ത്രി ഹിന്ദുസ്ഥാൻ ടൈംസിനു നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി. അതെല്ലാം നിയമപരമായി ഒരു ഭരണകൂടം കണ്ടറിഞ്ഞു സ്വീകരിക്കേണ്ട നടപടികളാണ്.
എന്നാൽ, ഛത്തീസ്ഗഡിലുടനീളം ക്രിസ്ത്യൻ പള്ളികൾക്കും പ്രാർഥനാ യോഗങ്ങൾക്കും നേരേയുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്നതായും ഹിന്ദു ദേശീയവാദ ഗ്രൂപ്പുകൾ ക്രിസ്മസ് ആഘോഷങ്ങളും മറ്റും തടസപ്പെടുത്തുകയും പാസ്റ്റർമാരെയും വിശ്വാസികളെയും ശാരീരികമായി ആക്രമിക്കുകയും ചെയ്യുന്നതായുള്ള സംഭവങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്ധയായ ഒരു അധ്യാപിക അന്ധർക്കായി നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തെപോലും അക്രമത്തിന്റെ വേദിയാക്കി മാറ്റുന്ന അന്ധമായ അധികാര രാഷ്ട്രീയത്തിന്റെ കടന്നുകയറ്റവും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. അത്തരം ആക്രമണങ്ങളിൽ അക്രമത്തിനു വിധേയരാകുന്നവർക്കെതിരേ മതംമാറ്റ നിരോധന നിയമത്തിലെ വകുപ്പുകൾ ഉപയോഗിച്ചു കേസുകളെടുക്കുന്നതും ആക്രമിക്കപ്പെട്ടവരുടെ പരാതിയിൽ പ്രഥമവിവര റിപ്പോർട്ട് തയാറാക്കാൻപോലും പോലീസ് മടിക്കുന്നതും സംസ്ഥാന ജനസംഖ്യയിൽ രണ്ടു ശതമാനത്തിൽ താഴെ മാത്രമുള്ള ക്രൈസ്തവരുടെ നിത്യേനയുള്ള അനുഭവമായി മാറിയിരിക്കുന്നതായാണ് അത്തരം റിപ്പോർട്ടുകളിൽനിന്നു മനസിലാകുന്നത്.
ഈ പശ്ചാത്തലത്തിലാണ് 2025 മാർച്ചിൽ, ഒരു ക്രിസ്ത്യൻ പാസ്റ്ററിന്റെ നിർബന്ധിത രാത്രികാല ശവസംസ്കാരം മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. പ്രാദേശിക അധികാരികൾ പൊതുശ്മശാനങ്ങളിൽ ക്രിസ്ത്യൻ ശവസംസ്കാരങ്ങൾ നിരോധിക്കുകയും മൃതശരീരം വിദൂരത്തുള്ള ഒരു നിയുക്ത ക്രിസ്ത്യൻ സെമിത്തേരിയിലേക്ക് കൊണ്ടുപോകാൻ നിർബന്ധിക്കുകയും ചെയ്തുവത്രേ! പൊതുശ്മശാനങ്ങളിൽ ക്രിസ്ത്യാനികൾക്ക് സംസ്കാരം നിഷേധിക്കുന്നത് ഛത്തീസ്ഗഡിലെ ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണത്രേ! ഇത് വർഗീയ സംഘർഷത്തിനും സുപ്രീംകോടതിവരെയെത്തി നിൽക്കുന്ന നിയമപോരാട്ടങ്ങൾക്കും ഇപ്പോൾ കാരണമായിരിക്കുകയാണ്!
പല കേസുകളിലും തീവ്ര ഹിന്ദുത്വ സംഘടനകളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന പ്രാദേശിക സംഘങ്ങൾ ഗ്രാമങ്ങളിലെ പൊതുശ്മശാനങ്ങളിൽ, പ്രത്യേകിച്ച് ക്രിസ്ത്യാനികൾക്ക് പ്രത്യേക ശ്മശാനമില്ലാത്ത പ്രദേശങ്ങളിൽ, ക്രിസ്ത്യാനികളെ സംസ്കരിക്കുന്നതിനെ എതിർക്കുന്നതാണ് ഇപ്പോൾ ഛത്തീസ്ഗഡിനെ ദേശീയ തലത്തിൽ ചർച്ചാവിഷയമാക്കിയിരിക്കുന്നത്. ഈ ശ്മശാനങ്ങൾ ഭൂരിപക്ഷ ഹിന്ദുസമൂഹത്തിനുവേണ്ടി മാത്രമുള്ളതാണെന്ന് അവർ വാദിക്കുന്നുപോലും! ക്രിസ്ത്യൻ ആചാരങ്ങൾക്കനുസൃതമായി നടത്തുന്ന ശവസംസ്കാരത്തെ പ്രാദേശിക ഗ്രാമവാസികൾ എതിർക്കുന്നതിനാൽ, മരിച്ച ക്രിസ്ത്യാനികളുടെ കുടുംബങ്ങൾ ഹിന്ദുമതത്തിലേക്ക് ‘പുനഃപരിവർത്തനം’ ചെയ്യാൻ നിർബന്ധിതരായ സംഭവങ്ങളുമുള്ളതായി പറയപ്പെടുന്നു! ഇത് ഛത്തീസ്ഗഡിലെ ‘ഘർ വാപസി’ പ്രചാരണങ്ങളുടെ വിശാലമായ പ്രവണതയെ വെളിപ്പെടുത്തുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചില സന്ദർഭങ്ങളിൽ, ഈ നിഷേധങ്ങൾ അക്രമത്തിലേക്ക് വളരുകയും ശവസംസ്കാര തർക്കങ്ങളുടെ പേരിൽ ശവക്കുഴികൾ കുഴിച്ചു ശരീരാവശിഷ്ടങ്ങൾ പുറത്തെടുത്തു കത്തിക്കുകയോ പള്ളികൾ കത്തിക്കുകയോപോലും ചെയ്യുന്നതായ റിപ്പോർട്ടുകളുമുണ്ട്. ഇത്തരം തർക്കങ്ങൾ തടയുന്നതിനായി ക്രിസ്ത്യാനികൾക്കു മാത്രമായി ശ്മശാന സ്ഥലങ്ങൾ വേർതിരിക്കുന്നതിന് സുപ്രീംകോടതി ഛത്തീസ്ഗഡ് സർക്കാരിന് നിർദേശം നൽകിയിട്ടുണ്ടെങ്കിലും, ശ്മശാന അവകാശങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതു വെല്ലുവിളിയായി തുടരുകയാണ്.
ഫെബ്രുവരി 18ന് ഛത്തീസ്ഗഡ് ഗ്രാമങ്ങളിലെ ആദിവാസി ക്രിസ്ത്യാനികളുടെ മൃതദേഹങ്ങൾ കുഴിച്ചെടുക്കുന്നത് സുപ്രീംകോടതി താത്കാലികമായി വിലക്കുകയും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രതികരണം തേടുകയുമുണ്ടായി. 20 വർഷം മുൻപ് സംസ്കരിച്ച മൃതദേഹങ്ങൾപോലും ഇപ്രകാരം കുഴിച്ചെടുത്തു നീക്കംചെയ്യാൻ പ്രാദേശിക അധികാരികൾ നിർബന്ധിക്കുന്നതായി കോടതിയുടെ ശ്രദ്ധയിൽ പെടുകയുണ്ടായി! എഐ യുഗത്തിലേക്കു കുതിക്കുന്ന ഇന്ത്യയുടെ ഗ്രാമങ്ങളിലെ സാമൂഹ്യജീവിതത്തിൽ എന്തു നടക്കുന്നു എന്നും തീവ്ര മതബോധത്താൽ ഹിംസാത്മകമായി മാറിക്കൊണ്ടിരിക്കുന്ന ചില മത സംഘടനകളും അവയെ പ്രചോദിപ്പിച്ചു ഭരണം പിടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതാക്കളും ഇന്ത്യൻ ഗ്രാമജീവിതത്തിന്റെ ഗതിയെ എങ്ങോട്ടാണ് നയിച്ചുകൊണ്ടിരിക്കുന്നത് എന്നും, ഗ്രാമവാസികളുടെ എന്തുതരം പ്രശ്നങ്ങളെയാണ് രാഷ്ട്രീയ വിഷയങ്ങളായി വളർത്തിക്കൊണ്ടുവരുന്നത് എന്നുമുള്ളതിന്റെ നേർചിത്രമാണ് ഛത്തീസ്ഗഡിലെ ഗ്രാമങ്ങളിൽനിന്നുള്ള ഈ റിപ്പോർട്ടുകളിൽ തെളിയുന്നത്...