ടൊവിനോ തോമസിന്റെ റൊമാന്റിക് ഫാന്റസി ചിത്രം 'മുമ്പേ'യുടെ ചിത്രീകരണം പൂർത്തിയായി. സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനു നവാഗതയായ ടീന തോമസാണു തിരക്കഥ ഒരുക്കിയത്. മേഘനാ മനോജാണ് ടൊവിനോയുടെ നായിക. വിനയ് ഫോർട്ട്, കിരൺ പീതാംബരൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
വ്യത്യസ്തവും തീവ്രവുമായ ഫാന്റസി പ്രണയകഥയാണ് 'മുമ്പേ' എന്ന് ടൊവിനോ തോമസ് നേരത്തെ വിശേഷിപ്പിച്ചിരുന്നു. കോസ്മിക് വോംഹോളിൽ നിൽക്കുന്ന ടൊവിനോയുടെയും അതിലേക്ക് വീഴുന്ന യുവതിയുടെയും മോഷൻ പോസ്റ്റർ 2024-ൽ പുറത്തിറങ്ങിയപ്പോൾ തന്നെ ശ്രദ്ധ നേടിയിരുന്നു. 'നഷ്ടപ്പെട്ടവളെ തിരികെ പിടിക്കാൻ നിങ്ങൾ എത്ര ദൂരം പോകും?' എന്ന ക്യാപ്ഷൻ കാലഘട്ടങ്ങളെ അതിജീവിക്കുന്ന പ്രണയകഥയാണെന്ന സൂചനയാണു നൽകുന്നത്.
ടൊവിനോ തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ടൊവിനോയും സഹോദരൻ ടിംഗ്സ്റ്റൺ തോമസും പനോരമ സ്റ്റുഡിയോസും ഡോൾവിൻ കുര്യാക്കോസിന്റെ തിയറ്റർ ഓഫ് ഡ്രീംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.