ന്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ മുൻ എംപിയും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കിയ ഡൽഹി കോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകാൻ വിനേഷ് ഫോഗട്ടും മറ്റ് വനിതാ ഗുസ്തി താരങ്ങളും തീരുമാനിച്ചു. എത്രയും വേഗം അപ്പീൽ നൽകാൻ അഭിഭാഷകർക്ക് നിർദേശം നൽകിയതായും തങ്ങൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്നും നിയമപോരാട്ടം തുടരുമെന്നും വിനേഷ് ഫോഗട്ട് എക്സിലൂടെ അറിയിച്ചു.
തിങ്കളാഴ്ചയാണ് ബ്രിജ് ഭൂഷണെയും സഹായി വിനോദ് തോമറിനെയും കോടതി വെറുതെവിട്ടത്. വിധിയോട് പ്രതികരിച്ച വിനേഷ് ഫോഗട്ട്, ഭരണകക്ഷിയിലെ ശക്തനായ ഒരു നേതാവിനെതിരെ തെരുവിലിറങ്ങി പോരാടാനും എഫ്ഐആർ ഫയൽ ചെയ്യാനും വലിയ ധൈര്യം ആവശ്യമായിരുന്നുവെന്ന് പറഞ്ഞു.
"തന്റെ സ്വാധീനവും അധികാരവും ഉപയോഗിച്ച് ബ്രിജ് ഭൂഷൺ പല പെൺകുട്ടികളെയും ഭീഷണിപ്പെടുത്തി പരാതിയിൽ നിന്ന് പിന്മാറ്റി. എങ്കിലും നിരവധി വനിതാ താരങ്ങൾ കോടതിയിൽ അദ്ദേഹത്തിനെതിരെ ധൈര്യപൂർവ്വം പോരാടി. എന്നാൽ, വനിതാ ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണങ്ങളിൽ ബ്രിജ് ഭൂഷൺ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്താത്തതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്," എക്സിലെ പോസ്റ്റിൽ വിനേഷ് വ്യക്തമാക്കി.
തുടക്കം മുതൽ തന്നെ സർക്കാരും ഭരണസംവിധാനങ്ങളും പൂർണ്ണമായും ബ്രിജ് ഭൂഷണെ സംരക്ഷിക്കാനാണ് പ്രവർത്തിച്ചതെന്നും വിനേഷ് ഫോഗട്ട് ആരോപിച്ചു. 2016-നും 2019-നും ഇടയിൽ ഗുസ്തി ഫെഡറേഷൻ ഓഫീസിലും ബ്രിജ് ഭൂഷന്റെ ഔദ്യോഗിക വസതിയിലും വിദേശയാത്രകൾക്കിടയിലും വെച്ച് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ നിരവധി വനിതാ താരങ്ങളെ അദ്ദേഹം ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി.
ബിജെപി നേതാവായ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2023-ൽ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്റംഗ് പൂനിയ, സംഗീത ഫോഗട്ട് തുടങ്ങിയ പ്രമുഖ ഗുസ്തി താരങ്ങൾ മാസങ്ങളോളം ന്യൂഡൽഹിയിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.