കോട്ടയം: ജനപ്രിയ നായകനും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ സംഭവബഹുലവും ഹൃദയസ്പർശിയുമായ ജീവിതകഥ വെള്ളിത്തിരയിലേക്ക്. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നേരിട്ട് നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നത് പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ വിനോദ് ഗുരുവായൂരാണ്.
അപ്പയുടെ ജീവിതം പുതിയൊരു ശൈലിയിൽ അവതരിപ്പിച്ച് തങ്ങളെ ബോധ്യപ്പെടുത്തിയത് വിനോദ് ഗുരുവായൂരാണെന്ന് ഉമ്മൻ ചാണ്ടിയുടെ മകനും എംഎൽഎയുമായ ചാണ്ടി ഉമ്മൻ പറഞ്ഞു. പുതിയ തലമുറയിലേക്ക് ഉമ്മൻ ചാണ്ടിയുടെ ജീവിതം കൃത്യമായി എത്തിക്കാൻ ഈ തിരക്കഥയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
"അപ്പയുമായി അടുത്ത ബന്ധമുള്ള നിരവധി ആളുകളിൽ നിന്ന് ശേഖരിച്ച, പൊതുജനങ്ങൾക്ക് അധികം അറിയാത്ത പല സുപ്രധാന സംഭവങ്ങളും ഉൾപ്പെടുത്തിയാണ് ബയോപിക് തയ്യാറാക്കുന്നത്. സ്ക്രിപ്റ്റ് പൂർത്തിയായ ശേഷം ചിത്രത്തിന്റെ സംവിധായകനെയും അഭിനേതാക്കളെയും നിശ്ചയിക്കും. എന്റെ മനസിൽ ചില സംവിധായകരുടെയും നടന്മാരുടെയും മുഖങ്ങളുണ്ട്, അവരെ പിന്നീട് സമീപിക്കും. ഉമ്മൻ ചാണ്ടിയുടെ ജീവിതം സിനിമയാകുക എന്നത് തന്റെ മാത്രമല്ല, ഓരോ മലയാളിയുടെയും അഭിലാഷമാണ്," ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.