ലക്നോ: വിനു മങ്കാദ് ട്രോഫി (അണ്ടർ 19) ഏകദിന ക്രിക്കറ്റിൽ ആസാമിനെ കീഴടക്കി കേരളം നോക്കൗട്ടിൽ. 252 റൺസിനാണ് കേരളം ആസാമിനെ തകർത്തത്. ഡി ഗ്രൂപ്പിൽനിന്ന് 12 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് കേരളത്തിന്റെ നോക്കൗട്ട് പ്രവേശം. സ്കോർ: കേരളം 50 ഓവറിൽ 377.
ആസാം 30.5 ഓവറിൽ 125നു പുറത്ത്.
കേരളത്തിന്റെ ഓപ്പണർമാരായ അഹമ്മദ് ഖാനും കെ.ആർ. രോഹിതും ചേർന്ന് 17.1 ഓവറിൽ 174 റൺസ് നേടി. രോഹിത് 68 റൺസെടുത്തപ്പോൾ അഹമ്മദ് ഖാൻ 61 പന്തിൽ 14 ഫോറും ആറു സിക്സുമടക്കം 109 റൺസ് അടിച്ചുകൂട്ടി. പിന്നീട് അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന അമയ് മനോജും (56) മാനവ് കൃഷ്ണയും (28) ചേർന്ന് 70 റൺസ് കൂട്ടിച്ചേർത്തു.
അവസാന ഓവറുകളിൽ ആഞ്ഞടിച്ച തോമസ് മാത്യുവും (31 പന്തിൽ 52) എസ്. ജിനേഷും (16 പന്തിൽ 33) ചേർന്നു കേരളത്തിന്റെ സ്കോർ 377ൽ എത്തിച്ചു.
ആസാമിന്റെ ഇന്നിംഗ്സിൽ ക്യാപ്റ്റൻ അമൻ യാദവും (31) ഓപ്പണർ തുഷാർ രുദ്രയും (32) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. കേരളത്തിനു വേണ്ടി അമയ് മനോജും ഇഷാൻ കുനാലും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.