കോഴിക്കോട്: ട്രാഫിക് നിയമലംഘനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പും പോലീസും ചുമത്തുന്ന പിഴയിൽ വളരെ ചെറിയൊരു ശതമാനം മാത്രം സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തുന്ന സാഹചര്യത്തില്‍ നിയമനടപടികള്‍ കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്.
ഗതാഗത നിയമം ലംഘിച്ച വ്യക്തി ഇതുമായി ബന്ധപ്പെട്ട ചെലാനുകൾ മൂന്നു ദിവസത്തിനുള്ളിൽ ഇലക്ട്രോണിക്കലായോ 15 ദിവസത്തിനുള്ളിൽ നേരിട്ടോ കൈപ്പറ്റണമെന്നാണു പ്രധാന നിർദേശം. അതിനുശേഷം 45 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കുകയോ, നിയമലംഘനം നടന്നിട്ടില്ലെങ്കിൽ തെളിവ് സഹിതം അതു തെളിയിക്കുകയോ വേണം. ഇതിനു തയാറായില്ലെങ്കില്‍ ലൈസൻസ്, രജിസ്ട്രേഷൻ ഉൾപ്പെടെയുള്ളവ സസ്പെൻഡ് ചെയ്യുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കും.
അഞ്ചു തവണ ഗതാഗത നിയമലംഘനങ്ങൾക്കു പിഴ ലഭിച്ചിട്ടും അടയ്ക്കാത്ത വാഹനങ്ങളുടെ ആർസി കരിമ്പട്ടികയിൽ പെടുത്തുകയും പിന്നീട് മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ നിഷേധിക്കുകയും ചെയ്യണമെന്നാണ് നിർദേശങ്ങളിൽ പ്രധാനം.
നിയമലംഘനം നടത്തുകയും മൂന്നുമാസം വരെ പിഴയടയ്ക്കുകയും ചെയ്യാത്ത ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാനാണു കരട് നിർദേശത്തിൽ പറയുന്ന പ്രധാന നടപടികളിലൊന്ന്.
പലപ്പോഴും ലംഘനത്തിനു ലഭിക്കുന്ന പിഴ ആളുകൾ ഗൗരവമായി കാണാറില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സിഗ്നൽ ലംഘിക്കൽ, അപകടകരമായ ഡ്രൈവിംഗ് തുടങ്ങിയ നിയമലംഘനങ്ങൾക്കു മൂന്നിലധികം തവണ ചെലാൻ ലഭിച്ചിട്ടുണ്ടെങ്കിൽ അത്തരക്കാരുടെ ഡ്രൈവിംഗ് ലൈസൻസ് മൂന്നു മാസം വരെ സസ്പെൻഡ് ചെയ്യാൻ സർക്കാരിന് അധികാരം ലഭിക്കും.
നിയമലംഘനങ്ങൾ ആവർത്തിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ നിയമം നടപ്പാക്കാനൊരുങ്ങുന്നത്. നിയമലംഘകരുടെയും വാഹനങ്ങളുടെ വിവരങ്ങൾ വാഹന-സാരഥി പോർട്ടലിലേക്കും കൈമാറാനാണു തീരുമാനം.