ബെർലിൻ: ജർമനിയിൽ ശനിയാഴ്ച നടന്ന ജെൻ സി പ്രക്ഷോഭം അക്രമാസക്തമായി. ഫ്രാങ്ക്ഫർട്ട് നഗരത്തിൽ കടകൾ കൊള്ളയടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയുമുണ്ടായി. ഹാംബെർഗ് നഗരത്തിലും ചെറിയ തോതിൽ അക്രമമുണ്ടായി.
ഇതര യൂറോപ്യൻ രാജ്യങ്ങളിലെ പ്രതിഷേധങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ജർമനിയിൽ ശനിയാഴ്ച പ്രകടനങ്ങളുണ്ടായത്. ബെർലിൻ, മ്യൂണിക് തുടങ്ങി 34 നഗരങ്ങളിൽ റാലികൾ അരങ്ങേറി.
ജീവിതച്ചെലവ് കുറയ്ക്കാൻ നടപടികളെടുക്കുക, നിർബന്ധിത സൈനിക സേവനത്തിനുള്ള നീക്കം ഉപേക്ഷിക്കുക, വിദ്യാഭ്യാസമേഖലയിലെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ജർമൻ യുവാക്കൾക്കുള്ളത്.
അതേസമയം, പ്രതീക്ഷിച്ചത്ര വലിയ പ്രകടനങ്ങൾ ഉണ്ടായില്ലെന്നാണ് ജർമൻ പൊലിസ് സൂചിപ്പിച്ചത്. റാലികളിൽ 1.82 ലക്ഷം പേർ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചത്. ബെർലിൻ, മ്യൂണിക് നഗരങ്ങളിൽ 36,000 പേരുടെ പ്രകടനമുണ്ടാകുമെന്നു പറഞ്ഞെങ്കിലും എത്തിയത് 18,000 പേരാണ്.
ഫ്രാങ്ക്ഫർട്ട് നഗരത്തിൽ രണ്ടു കടകൾ കൊള്ളയടിക്കപ്പെട്ടു. മറ്റനേകം കടകളുടെ ജനാലകളും മറ്റും നശിപ്പിച്ചു. പ്രതിഷേധക്കാർ പെട്രോൾ ബോംബ് എറിഞ്ഞ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹാംബർഗിൽ പൊലിസ് സ്ഥാപിച്ച ബാരിക്കേഡുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു.
പ്രതിഷേധപ്രകടനങ്ങൾക്കിടെ തീവ്രനിലപാടുള്ള ഗ്രൂപ്പുകൾ അക്രമങ്ങൾ അഴിച്ചിവിടാൻ സാധ്യതയുണ്ടെന്ന് ജർമൻ അധികൃതർ മുന്നറിയിപ്പു നല്കി.