സ്വന്തമായി ചെറിയ ഭക്ഷണശാലയോ പാനീയ സ്റ്റാളോ തുടങ്ങിയാൽ വിജയിക്കുമോ എന്ന് അറിയാൻ ഒരു കണ്ടന്റ് ക്രിയേറ്റർ നടത്തിയ വ്യത്യസ്തമായ പരീക്ഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
ഒരു കോർപ്പറേറ്റ് ഓഫീസിന് തൊട്ടുമുന്നിലെ നടപ്പാതയിൽ താൽക്കാലികമായി ചെറിയൊരു കോഫി സ്റ്റാൾ സജീകരിച്ചായിരുന്നു ദേവാംശ് ത്യാഗി എന്ന ചെറുപ്പക്കാരന്റെ ഈ സാഹസം.
ഒരു ചെറിയ മേശയും ഗ്യാസ് സ്റ്റൗവും പാത്രങ്ങളും ഇൻസ്റ്റന്റ് കോഫിയും പാലും മാത്രം കരുതി രാവിലെ 10 മണിയോടെയാണ് ഇയാൾ ബിസിനസിന് തുടക്കമിട്ടത്.
കേവലം സാധാരണ കോഫിയെന്നതിലുപരി കഫേകളിൽ കിട്ടുന്ന അതേ നിലവാരം നൽകാനായി നാല് വ്യത്യസ്ത രുചികളിലാണ് കോഫി തയ്യാറാക്കിയത്. കപ്പിന് 40 രൂപ നിരക്കിൽ വിൽപ്പന തുടങ്ങിയതോടെ ആദ്യ മണിക്കൂറുകളിൽ തന്നെ ഓഫീസ് ജീവനക്കാർ കൂട്ടത്തോടെയെത്തി.
ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് അഭിപ്രായങ്ങൾ ചോദിച്ചറിഞ്ഞ് മുന്നേറിയ ഇയാൾക്ക് ആദ്യ രണ്ട് മണിക്കൂറിൽ തന്നെ നാല്പതോളം കപ്പുകൾ വിൽക്കാൻ സാധിച്ചു. ഉച്ചസമയത്ത് കച്ചവടം മന്ദഗതിയിലായെങ്കിലും വൈകുന്നേരമായതോടെ സ്ഥിതിയാകെ മാറി.
ജോലി കഴിഞ്ഞ് ഇറങ്ങിയ ജീവനക്കാരുടെ തിരക്ക് വർധിച്ചതോടെ കച്ചവടം വൻ തോതിൽ ഉയരുകയായിരുന്നു. കൈവശമുണ്ടായിരുന്ന സ്റ്റോക്ക് മുഴുവൻ പെട്ടെന്ന് തന്നെ തീരുകയും ചെയ്തു.
അവസാനം കണക്കെടുപ്പ് നടത്തിയപ്പോൾ ആകെ 450 കപ്പ് കോഫി വിറ്റഴിച്ചതായും 18,000 രൂപ സമാഹരിക്കാനായതായും ദേവാംശ് അവകാശപ്പെടുന്നു. എന്നാൽ ഇത് ലാഭമല്ലെന്നും പാൽ, കോഫിപ്പൊടി, ഇന്ധനം തുടങ്ങിയവയുടെ നിർമ്മാണച്ചെലവുകൾ ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഈ പരീക്ഷണ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ചതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. റോഡരികിലെ കോഫി കച്ചവടം വീഡിയോയിൽ കാണുന്നത്ര ലളിതമല്ലെന്ന് യാഥാർഥ്യങ്ങൾ ചൂണ്ടിക്കാട്ടി പ്രായോഗിക ബുദ്ധിമുട്ടുകൾ ഓർമ്മിപ്പിക്കുന്നവരുണ്ട്.
മാസം 35,000 രൂപ ശമ്പളം വാങ്ങുന്ന കോർപ്പറേറ്റ് ജീവനക്കാർക്ക് കോഫി വിറ്റ് ഒരു ദിവസം കൊണ്ട് 18,000 രൂപ ഉണ്ടാക്കാമെങ്കിൽ എല്ലാവർക്കും ജോലി രാജിവെച്ച് ബിസിനസ് തുടങ്ങാമല്ലോ എന്ന് പരിഹസിക്കുന്നവരും കുറവല്ല.
എന്നാൽ ഒരു ദിവസം ഇത്രയധികം കപ്പുകൾ വിറ്റഴിക്കാൻ കഴിയില്ലെന്നും വാർത്തകളിൽ ഇടംനേടാൻ വേണ്ടി കെട്ടിച്ചമച്ച തെറ്റായ കണക്കുകളാണിതെന്നും ഒരു വിഭാഗം ആളുകൾ ഉറപ്പിച്ചുപറയുന്നു.