ഗുജറാത്തിലെ മോർബി ജില്ലയിലുള്ള വീർപർദ ഗ്രാമത്തിലെ ഒരു കിണർ നിലയ്ക്കാതെ തരംഗങ്ങളുണ്ടാകുന്ന പ്രതിഭാസം മൂലം രാജ്യത്താകമാനം വൻ ചർച്ചയായി മാറിയിരിക്കുകയാണ്.
പ്രാൻജീവൻഭായ് സദാരിയ എന്ന പ്രദേശവാസിയായ കർഷകന്റെ ഉടമസ്ഥതയിലുള്ള, ഏകദേശം 18 അടി ആഴമുള്ള ഈ കിണറിലെ വെള്ളമാണ് ബാഹ്യമായ യാതൊരു ഇടപെടലുകളുമില്ലാതെ തന്നെ നിരന്തരം ഇളകിമറിയുന്നത്.
ശാന്തമായ അന്തരീക്ഷത്തിലും കിണറ്റിലെ വെള്ളത്തിൽ അലകൾ രൂപപ്പെടുന്നത് പ്രാദേശികവാസികളിലും സോഷ്യൽ മീഡിയ ഉപയോക്താക്കളിലും ഒരുപോലെ അത്ഭുതവും കൗതുകവും ഉണർത്തുന്നു.
ഓഗസ്റ്റ് ആദ്യവാരത്തിലുണ്ടായ ശക്തമായ മഴയിൽ കിണർ നിറഞ്ഞതിന് പിന്നാലെയാണ് ഈ വിചിത്രമായ ചലനങ്ങൾ കണ്ടുതുടങ്ങിയത്. തുടക്കത്തിൽ കലക്കവെള്ളമായിരുന്ന കിണറ്റിൽ പിന്നീട് വൻതോതിൽ തിരമാലകൾ പോലുള്ള തരംഗങ്ങൾ പ്രത്യക്ഷപ്പെടുകയായിരുന്നു.
എന്നാൽ അത്ഭുതകരമെന്നു പറയട്ടെ, ഇതിന് തൊട്ടടുത്തുള്ള മറ്റ് കിണറുകളിലെ വെള്ളം യാതൊരു ചലനങ്ങളുമില്ലാതെ ശാന്തമായിത്തന്നെ തുടരുന്നുണ്ട്. ഇതാണ് സംഭവം കൂടുതൽ നിഗൂഢമാക്കുന്നത്.
വെള്ളത്തിന്റെ വീഡിയോകൾ ഇന്റർനെറ്റിൽ കാട്ടുതീ പോലെ പടർന്നതോടെ ട്രോളുകളും രസകരമായ കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
ഇതിനോടകം തന്നെ അവിടെ ആരാധനാലയങ്ങൾ പണിയാത്തതിനെപ്പറ്റിയും, ചിലപ്പോൾ വല്ല ആത്മാക്കളുടെയോ ശക്തികളുടെയോ സാന്നിധ്യമാകാം ഇതെന്നുമൊക്കെ തമാശരൂപേണ ആളുകൾ കുറിക്കുന്നുണ്ട്.
എന്നാൽ ഇത് അത്ഭുതമൊന്നുമല്ലെന്നും, ഭൂഗർഭത്തിലെ പാറകൾക്കിടയിലെ വ്യതിയാനങ്ങളും ഉയർന്ന ജലസമ്മർദ്ദവും മൂലം സംഭവിക്കുന്ന സ്വാഭാവിക ഹൈഡ്രോജിയോളജിക്കൽ പ്രതിഭാസമാണെന്നും ശാസ്ത്രീയ ചിന്താഗതിക്കാർ ചൂണ്ടിക്കാണിക്കുന്നു.
വിഷയം വൻ വാർത്തയായതോടെ സർക്കാർ സംവിധാനങ്ങളും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. മോർബി ജില്ലാ കളക്ടർ സ്വപ്നിൽ ഖാരെയുടെ നിർദ്ദേശപ്രകാരം ജില്ലാ ജിയോളജിസ്റ്റുകൾ സ്ഥലം സന്ദർശിച്ച് പ്രാഥമിക പരിശോധന നടത്തി.
അടിത്തട്ടിൽ കുടുങ്ങിക്കിടക്കുന്ന വായു പുറത്തേക്ക് വരാൻ ശ്രമിക്കുമ്പോൾ വെള്ളത്തിന്റെ പ്രതലത്തിൽ രൂപപ്പെടുന്ന അലകളാകാം ഇതിന് കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ.
കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഗുജറാത്ത് ഗ്രൗണ്ട് വാട്ടർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനോട് സമഗ്രമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പൂർണമായ ശാസ്ത്രീയ റിപ്പോർട്ട് വരുന്നത് വരെ ഈ വിചിത്ര കിണർ ഇന്റർനെറ്റിലെ പ്രധാന ആകർഷണമായി തുടരും.