ചാത്തന്നൂർ : ചാത്തന്നൂർ ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്ന് വിശ്വകർമ്മ മഹാസഭ ആവശ്യപ്പെട്ടു. ഇത്പതിറ്റാണ്ടുകളായുള്ള ചാത്തന്നൂർ നിവാസികളുടെ ആവശ്യമാണ്. ദേശീയതലത്തിലുള്ള അപേക്ഷകൾക്കും മറ്റും ജാതി സർട്ടിഫിക്കറ്റ് ക്രീമിലെയർ സർട്ടിഫിക്കറ്റ് മുതലായവ ലഭിക്കണമെങ്കിൽ ചാത്തന്നൂർ പ്രദേശത്തുള്ളവർ കൊല്ലം വരെ യാത്ര ചെയ്യേണ്ട അവസ്ഥയാണുള്ളത്.
ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷനകത്ത് തന്നെ താലൂക്ക് ഓഫീസിലും മറ്റും സൗകര്യം ഉണ്ടെന്നിരിക്കെ അധികൃതർ പൊതുജനങ്ങളുടെ ആവശ്യത്തോട് ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നതെന്നും അധികൃതരുടെ ഈ നിലപാട് തികച്ചും പ്രതിഷേധാർഹമാണെന്നും വിശ്വകർമ്മ മഹാസഭ കുറ്റപ്പെടുത്തി. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് വി.എ. മോഹൻലാലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന ബോർഡ് അംഗം ബിജു എള്ളുവിള ഉദ്ഘാടനം ചെയ്തു.
താലൂക്ക് യൂണിയൻ ജോയിന്റ് സെക്രട്ടറി വിനോദ് പാണിയിൽ, യൂണിയൻ നേതാക്കളായ ലാലു വേളമാനൂർ , ബിനുകുമാർ ചിറക്കര, പ്രദീപ് മരക്കുളം, ജയപ്രകാശ് ചാത്തന്നൂർ, ഗീതമ്മാൾ കൊട്ടിയം, അനിത വരിഞ്ഞം എന്നിവർ പ്രസംഗിച്ചു.