തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെയും അർജന്റൈൻ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പ്രചാരണം നടത്തുകയും, ഒടുവിൽ എത്തിക്കുമെന്നു പറഞ്ഞവർ കൈമലർത്തിയതുമായ സംഭവത്തിൽ കായിക വകുപ്പ് തയാറാക്കിയ റിപ്പോർട്ട് ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്തേക്കും.
കായികവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തയാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രി വി.ഡി. സതീശനു കൈമാറിയിരുന്നു. മെസിയെ കേരളത്തിലെത്തിക്കുമെന്ന പ്രചാരണം നടത്തി വൻ ക്രമക്കേട് നടത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്.
സംഭവത്തിൽ മുൻ സർക്കാരിനും സ്പോണ്സര്ക്കുമെതിരേ ഗുരുതരമായ ആരോപണങ്ങളാണ് കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിലുള്ളത്. ഈ സഹാചര്യത്തിൽ ആദ്യഘട്ടമായി വിജിലൻസ് അന്വേഷണത്തിനുള്ള സാധ്യതയും ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. റിപ്പോർട്ട് പരിശോധിച്ചശേഷം ഉടൻ തന്നെ തുടർനടപടികൾ ഉണ്ടാവുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ സൂചന.
മെസിയെയും അർജന്റൈൻ ഫുട്ബോൾ ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത സംഭവത്തിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ (ആർബിസി) മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനും അന്നത്തെ കായിക മന്ത്രി വി. അബ്ദുറഹ്്മാനും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരേ അന്വേഷണം വേണമെന്ന് കായികവകുപ്പിന്റെ റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു.
സാന്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികൾ വരെ അന്വേഷണം നടത്തണമെന്ന നിർദേശവും റിപ്പോർട്ടിൽ പറയുന്നു.
അർജന്റൈൻ ടീമിനെ എത്തിക്കാൻ കായിക വകുപ്പുമായി ആലോചിച്ചാണ് നടപടികൾ സ്വീകരിച്ചതെന്ന മുൻ കായികമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമെന്നാണ് പുറത്തുവരുന്ന രേഖകൾ വ്യക്തമാക്കുന്നത്.
മുൻ കായിക മന്ത്രി അബ്ദുറഹ്്മാൻ അർജന്റൈൻ ഫുട്ബോൾ അസോസിയേഷനുമായി നേരിട്ടാണ് കത്തിടപാടുകൾ നടത്തിയതെന്നും ഇ മെയിൽ സന്ദേശ ഇടപാടുകളിൽ എവിടെയും കായികവകുപ്പ് ഡയറക്്ടറോ കായിക സെക്രട്ടറിയോ പങ്കാളികൾ ആയിരുന്നില്ലെന്നുമാണ് റിപ്പോർട്ട്.
സർക്കാർ സംവിധാനത്തിനു പുറത്തുള്ള വ്യക്തിക്ക് ഔദ്യോഗിക ഇമെയിൽ സന്ദേശങ്ങൾ ലഭ്യമാക്കാനുള്ള അവസരം ആരാണ് ഒരുക്കിയതെന്ന ചോദ്യവും ഉയരുന്നുണ്ട്.