ന്യൂഡൽഹി: ബിഎസ്എൻഎൽ ഡയറക്ടറുടെ പ്രയാഗ്രാജ് സന്ദർശനത്തിനായി അടിവസ്ത്രം, ചെരുപ്പ്, എണ്ണ, ചീപ്പ് മുതൽ ഗംഗാനദിയിൽ സ്നാനത്തിനും ബോട്ട് സവാരിക്കും ക്ഷേത്രദർശനത്തിനും സൗകര്യമൊരുക്കാൻ 50 ഉദ്യോഗസ്ഥരെ നിയോഗിക്കാൻ ഔദ്യോഗിക ഉത്തരവ്.സംഭവം കേന്ദ്രസർക്കാരിനെ വെട്ടിലാക്കി.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ഡയറക്ടർ (കണ്സ്യൂമർ ഫിക്സഡ് അക്സസ് - സിഎഫ്എ) വിവേക് ബൻസലിന്റെ രണ്ടു ദിവസത്തെ പ്രയാഗ്രാജ് സന്ദർശനത്തിനായി ഇറക്കിയ വിപുലമായ പ്രോട്ടോകോൾ ഉത്തരവ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഇന്നലെയും ഇന്നുമായി നടത്താനിരുന്ന വിവാദ സന്ദർശനം റദ്ദാക്കി.
പ്രോട്ടോകോൾ രേഖ പ്രകാരം, ബൻസലിന്റെ സന്ദർശനം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ 50ലധികം ബിഎസ്എൻഎൽ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും 20 പ്രത്യേക ഉത്തരവാദിത്വങ്ങളും ജോലികളും നൽകി.
യാത്ര, ആതിഥ്യമര്യാദ ക്രമീകരണങ്ങൾ, കുളിക്കാനുള്ള സൗകര്യം, സന്ദർശനാനന്തര ഏകോപനം എന്നിവ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക ടീമുകളെ ചുമതലപ്പെടുത്തുന്നതാണ് വിശദമായ പ്രോട്ടോകോൾ.
ബൻസൽ പ്രയാഗ്രാജിൽ എത്തുന്പോൾ റെയിൽവേ സ്റ്റേഷനിലെ സ്വീകരണം, ക്ഷേത്രസന്ദർശനങ്ങൾ, പുണ്യസ്നാനങ്ങൾ, ഭക്ഷണം, ഗതാഗതം, ദൈനംദിന വ്യക്തിഗത ലോജിസ്റ്റിക്സ് എന്നിവ മുതൽ മിനിറ്റ്-ടു-മിനിറ്റ് ഷെഡ്യൂൾ വരെ ഇതിലുണ്ട്.
ബൻസലിനോടൊപ്പം ഗംഗയിലെ ത്രിവേണി സംഗമത്തിൽ കുളിക്കാനുള്ള ഉദ്യോഗസ്ഥരുടെ "സ്നാൻ' കിറ്റുകളിൽ ടവ്വൽ, അടിവസ്ത്രം, സ്ലിപ്പറുകൾ (സ്ലീപ്പർ എന്നാണ് തെറ്റായി ഓഫീസ് ഓർഡറിലുള്ളത്), ചീപ്പ്, കണ്ണാടി, എണ്ണക്കുപ്പി എന്നിവ ഉണ്ടാകണമെന്നാണു നിർദേശം. താമസിക്കുന്ന നക്ഷത്ര ഹോട്ടലിലും സർക്യൂട്ട് ഹൗസിലും ഓരോ സെറ്റ് വീതം ഫ്രൂട്ട് ബൗൾ, ഡ്രൈ ഫ്രൂട്ട് ബൗൾ, ഷേവിംഗ് കിറ്റ്, ടവ്വൽ, ടൂത്ത് പേസ്റ്റ്, ബ്രഷ്, സോപ്പ്, ഷാംപൂ, ചീപ്പ്, എണ്ണ എന്നിവ ക്രമീകരിക്കണമെന്നും നിർദേശിച്ചിരുന്നു.
ഗംഗാതീരത്തെ ഘട്ടിൽ പൊതുവായ ഉപയോഗത്തിനായി ബെഡ്ഷീറ്റ് ക്രമീകരിക്കാനും നിർദേശം നൽകി. സ്നാനത്തിനു പുറമെ ഗംഗയിൽ ബോട്ട് സവാരി നടത്താനും ബഡേ ഹനുമാൻ മന്ദിർ, അക്ഷയവത്, പാതാൾപുരി ക്ഷേത്രങ്ങൾ സന്ദർശിക്കാനും ബൻസൽ തീരുമാനിച്ചിരുന്നു.
1987 ബാച്ചിലെ ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ സർവീസ് ഓഫീസറാണ് ബൻസൽ. ഇന്ത്യയിലെ ടെലികോം ശൃംഖലകൾ കൈകാര്യം ചെയ്യുന്നതിൽ 34 വർഷത്തിലേറെ പരിചയമുണ്ടെന്ന് ബിഎസ്എൻഎൽ വെബ്സൈറ്റിൽ പറയുന്നു.
ബൻസലിനു കാരണംകാണിക്കൽ നോട്ടീസ്
അനുചിതവും അസ്വീകാര്യവും ഞെട്ടിക്കുന്നതുമായ നടപടിക്കെതിരേ ബിഎസ്എൻഎൽ ഡയറക്ടർ ബോർഡ് ബൻസലിനു കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും കൂടുതൽ നടപടിയുണ്ടാകുമെന്നും കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.