കണ്ണൂർ: തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വൈദ്യുതിമന്ത്രി സണ്ണി ജോസഫ്. പൊതുവിദ്യാഭ്യാസ വകുപ്പ് തൊഴിലധിഷ്ഠിത വിഭാഗം വണ്‍ സ്കൂള്‍ വണ്‍ പ്രോഡക്ട് സര്‍വീസ് കണ്ണൂര്‍, കാസര്‍കോഡ് ജില്ല റീജണല്‍ തല ഉദ്ഘാടനം ഗേള്‍സ് ജിവിഎച്ച്എസ്എസില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിത്വ വികസനത്തിന്റെയും സ്വഭാവവത്കരണത്തിന്റെയും ഇടങ്ങളാണ് പാഠശാലകള്‍. സ്കൂള്‍ പഠനത്തിനൊപ്പം തൊഴില്‍ പരിശീലിക്കുകയും ഇതിലൂടെ വരുമാനം കണ്ടെത്തുകയും ചെയ്യുകയെന്നത് ഇന്നത്തെ കാലത്ത് ഏറെ പ്രധാനമാണ്.
ചെറുപ്പത്തിലേ സ്വന്തം കാലില്‍ നില്‍ക്കാനും അധ്വാനിച്ച് ജീവിക്കാനുമുള്ള ത്വര വിദ്യാർഥികളില്‍ വളര്‍ത്താനും ഇതുവഴി കഴിയുമെന്നും മന്ത്രി പറഞ്ഞു.
ടി.ഒ. മോഹനന് എംഎല്‍എ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ പി. ഇന്ദിര മുഖ്യാതിഥിയായി. സിജിസിസി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പി. മുഹമ്മദ് ഇക്ബാല്‍ പദ്ധതി വിശദീകരിച്ചു. ജിവിഎച്ച്എസ്എസ് പ്രിന്‍സിപ്പൽ എ.എസ്. ആശ ഉത്പന്നസമര്പ്പണം നടത്തി.
സോന ജയറാം, ഉദയകുമാരി, എം.സി. ഹാഷിം, യു. സജിത്ത് കുമാര്‍, കെ. ശിശുപാലന്, പി. സിദ്ദീഖ്, പി.എ. ഇന്ദുമതി, കെ. ശ്രുതി, സൂര്യ രജീഷ്, കെ.പി. രജീഷ്, പി.കെ. അബ്ദുറഹിമാന് എന്നിവർ പ്രസംഗിച്ചു.