ഇരിങ്ങാലക്കുട: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിവേകപൂര്‍വം വോട്ടവകാശം വിനിയോഗിക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട രൂപതയില്‍ സര്‍ക്കുലര്‍ ഇറക്കി. വോട്ടു രേഖപ്പെടുത്താതിരിക്കുന്നതു പൗരധര്മത്തോടുള്ള വിമുഖത മാത്രമല്ല, സാമൂഹികപ്രതിബദ്ധതയില്നിന്നുള്ള പിന്മാറ്റംകൂടിയാണെന്നും അതുകൊണ്ട് വിവേകപൂര്‍വം വോട്ട് രേഖപ്പെടുത്താനും നാടിന്റെ നന്മയ്ക്കായി പ്രാര്‍ഥിക്കാനും പ്രവര്‍ത്തിക്കാനും സര്‍ക്കുലറിലൂടെ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ആഹ്വാനംചെയ്തു.
ജനാധിപത്യസംവിധാനത്തില്‍ ഓരോ പൗരനും ലഭിച്ചിട്ടുള്ള ഏറ്റവും വലിയ അവകാശവും കടമയുമാണ് വോട്ടവകാശം. ഈ ദൗത്യം കേവലം ഒരു രാഷ്ട്രീയപ്രവര്‍ത്തനമല്ല, മറിച്ച് രാഷ്ട്രനിര്‍മാണത്തിലും സാമൂഹികനീതിയിലുമുള്ള ഉത്തരവാദിത്വമാണ്. രാഷ്ട്രത്തിന്റെയും സംസ്ഥാത്തിന്റെയും ഭരണപ്രക്രിയയില്‍ സജീവമായി പങ്കുചേരുക എന്നത് ഓരോ കത്തോലിക്കാവിശ്വാസിയുടെയും പൗരധര്‍മമാണ്. ഒരു ക്രൈസ്തവന്റെ ആത്മീയജീവിതം പ്രാര്‍ഥനയില്‍മാത്രം ഒതുങ്ങിനില്ക്കുന്ന ഒന്നല്ല. അതു സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്വത്തിലേക്കുംകൂടി വ്യാപിക്കുന്നതാണ്.
എല്ലാ കത്തോലിക്കാവിശ്വാസികളും തങ്ങളുടെ പേര് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും വോട്ടവകാശം കൃത്യമായി വിനിയോഗിക്കുകയും ചെയ്യേണ്ടത് ഒരു അടിസ്ഥാനകടമയാണ്. അതു നീതിയും പൊതുനന്മയും സംരക്ഷിക്കുന്നതിനായുള്ള ഒരു ക്രൈസ്തവന്റെ അവകാശംകൂടിയാണ്. ഇക്കാര്യത്തിനായി കര്‍മപദ്ധതികളും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
തങ്ങളുടെ പേര് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കണം. ഇല്ലെങ്കില്‍ ഉടന്‍തന്നെ പേരുചേര്‍ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. വോട്ടവകാശമുള്ള എല്ലാവരും വോട്ടുചെയ്തുവെന്നു ഉറപ്പുവരുത്തുന്നതിനായി സിഎല്‍സി, കെസിവൈഎം, മാതൃസംഘം, എകെസിസി എന്നീ സംഘടനാപ്രവര്ത്തകള് കുടുംബകൂട്ടായ്മ ഭാരവാഹികളോടുചേര്ന്ന് പ്രവര്‍ത്തിക്കണം.
പുതുതായി 18 വയസ് പൂര്‍ത്തിയായവര്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യുവജനപ്രസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണം.
വോട്ടു രേഖപ്പെടുത്തുക എന്നതു ക്രൈസ്തവന്റെ അവകാശം മാത്രമല്ല, വലിയ ഉത്തരവാദിത്വംകൂടിയാണെന്നും രാഷ്ട്രത്തിന്റെയും സംസ്ഥാനത്തിന്റെയും ഭരണത്തില്‍ സജീവമായി പങ്കുചേരുക എന്നതു സഭയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും സർക്കുലറിൽ ബിഷപ് വ്യക്തമാക്കി.