വൈപ്പിൻ: വൈപ്പിനിൽ കഞ്ചാവ് ബീഡിയുടെ വില്പനയും ഉപയോഗവും വ്യാപകമായതായി പരാതി. കൗമാരക്കാരെ ലക്ഷ്യമിട്ടാണ് വില്പനക്കാർ ബീഡിയുമായി രംഗത്തിറങ്ങിയിട്ടുള്ളത്. ബീച്ചുകളിലും ചെമ്മീൻ പാടങ്ങളുടെ പരിസരത്തും ചിറകളിലും വലിയ പാലങ്ങളുടെ അടിഭാഗത്തും തമ്പടിക്കുന്ന കൗമാരക്കാർ ഉൾപ്പെടെയുള്ളവരുടെ ഇടയിലേക്ക് എത്തി ഇവർക്ക് ഒപ്പം ഇരുന്ന് അല്പം സമയം ചെലവഴിച്ചും ഭക്ഷണം കഴിച്ചുമൊക്കെയാണ് ഇക്കൂട്ടർ ബീഡി വില്പന നടത്തുന്നത്.
അടുത്തിടെ മുനമ്പം, ഞാറക്കൽ, മുളവുകാട് പോലീസ് പിടികൂടിയ കഞ്ചാവ് കേസുകളിൽ പലതും കഞ്ചാവ് ബീഡി ഉപയോഗിച്ചതിന്റെ പേരിലാണ്. ഇതിലെ പ്രതികളാകട്ടെ ഭൂരിഭാഗവും പ്രായപൂർത്തി ആകാത്തവരുമാണ്. ഇതുമൂലം രക്ഷിതാക്കളെ വിളിച്ചുവരുത്തി ഇവരെ ഉപദേശിച്ചു പറഞ്ഞയക്കുകയാണ് പതിവ്. എന്നാൽ പോലീസ് ആകട്ടെ ഈ ബീഡികൾ എവിടെ നിന്ന് എത്തുന്നു, ആരാണ് വില്പന നടത്തുന്നത് എന്നീ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്.