ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിലെ യാത്രാ ടിക്കറ്റുകളുടെ വെയിറ്റിംഗ് ലിസ്റ്റ് പട്ടികയിലെ പ്രതിസന്ധി മൂലം കഴിഞ്ഞ സാന്പത്തികവർഷം മാത്രം രാജ്യത്തു മൂന്നു കോടിയിലധികം ആളുകൾക്കു യാത്ര മുടങ്ങി. 2025-26 സാന്പത്തിക വർഷത്തിൽ ട്രെയിൻ യാത്രയ്ക്കു ടിക്കറ്റ് ബുക്കു ചെയ്തിരുന്ന 3.39 കോടി പേർക്കു യാത്ര മുടങ്ങിയെന്നു വിവരാവകാശ രേഖ.
ഓരോ സെക്കൻഡിലും ഇന്ത്യയിൽ ഒന്നിലധികം റെയിൽവേ യാത്രക്കാർക്ക് ട്രെയിനുകളിൽ സീറ്റും ബർത്തും ലഭിക്കാത്തതിനാൽ യാത്ര ചെയ്യാനുള്ള അവസരം നഷ്ടപ്പെടുന്നുവെന്നാണു കണക്ക്.
കഴിഞ്ഞവർഷം പ്രതിദിനം 92,877 യാത്രക്കാരുടെ യാത്രകളാണ് അവസാന നിമിഷം റദ്ദാക്കപ്പെട്ടത്. മണിക്കൂറിൽ 3,870 യാത്രക്കാരും ഒരു മിനിറ്റിൽ 64 യാത്രക്കാരും ഈ ഗണത്തിലുണ്ട്. വികസിത ഇന്ത്യയെന്ന് അവകാശപ്പെടുന്പോഴും സ്വാതന്ത്ര്യം ലഭിച്ച് 78 വർഷങ്ങൾക്കു ശേഷവും സാധാരണക്കാർക്ക് ആവശ്യത്തിനു ട്രെയിൻ യാത്രാ സൗകര്യവും ഉറപ്പായ സീറ്റുകളും ലഭ്യമാക്കിയിട്ടില്ല. വർഷം കഴിയുന്തോറും യാത്രക്കാരുടെ ദുരിതം ക്രമാനുഗതമായി വർധിച്ചുവരികയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
2021-22 ൽ ടിക്കറ്റ് സ്ഥിരീകരണമില്ലാത്തതിനാൽ 1.65 കോടി പേർക്ക് യാത്ര ചെയ്യാൻ കഴിഞ്ഞില്ല. 2022-23ൽ 2.72 കോടി, 2023-24ൽ 2.96 കോടി, 2024-25ൽ 3.27 കോടി പേർക്കാണ് ഇതുമൂലം യാത്ര മുടങ്ങിയത്. വിമാനയാത്രയ്ക്കു കഴിയാത്ത കുടിയേറ്റ തൊഴിലാളികളും പാവപ്പെട്ട വിദ്യാർഥികളും രോഗികളുമാണ് യാത്ര നിഷേധിക്കപ്പെട്ടവരിലേറെയും. പരീക്ഷയും ചികിൽസയും വിവാഹവും വരെ മുടങ്ങിയവരുണ്ട്.
വെയിറ്റിംഗ് ലിസ്റ്റ് ചെയ്ത ടിക്കറ്റുകൾ സ്ഥിരീകരിക്കപ്പെടാതെ തുടരുകയും യാന്ത്രികമായി റദ്ദാക്കപ്പെടുകയും ചെയ്തതിനാലാണിത്. മൂന്നാം ക്ലാസ് സ്ലീപ്പർ ക്ലാസ്, എസി മൂന്ന് യാത്രക്കാരാണ് ടിക്കറ്റുകൾ കണ്ഫേം ആകാതെ ഏറ്റവുമധികം വിഷമത്തിലാകുന്നതെന്ന് ചന്ദ്രശേഖർ ഗൗർ എന്നയാൾക്കു ലഭിച്ച വിവരാവകാശ രേഖയിലെ കണക്കുകൾ വ്യക്തമാക്കുന്നു.
സ്ലീപ്പർ ക്ലാസിൽ മാത്രം 1.68 കോടി യാത്രക്കാർ ദുരിതത്തിലായി. തേർഡ് എസിയിൽ ഇത് 74.55 ലക്ഷം യാത്രക്കാരെ ബാധിച്ചു. ലോകത്തുതന്നെ ഏറ്റവുമധികം ജനങ്ങൾ ആശ്രയിക്കുന്ന റെയിൽവേ ശൃംഖലയിലാണ് ലക്ഷക്കണക്കിനാളുകൾ ദുരിതത്തിലാകുന്നത്.
അത്യാവശ്യ കാര്യങ്ങൾക്കായി യാത്ര ചെയ്യേണ്ടിവരുന്ന സാധാരണക്കാരായ രോഗികൾ, വിദ്യാർഥികൾ, തൊഴിലാളികൾ, കുടുംബങ്ങൾ, തീർഥാടകർ, വ്യാപാരികൾ തുടങ്ങിയവരാണു യാത്ര മുടങ്ങുന്നവരിൽ കൂടുതലും. ട്രെയിനിൽ കയറാനാകാതെ യാത്ര മുടക്കേണ്ടി വരുന്ന ലക്ഷക്കണക്കിനാളുകൾക്കു പരാതി പോലും പറയാനോ, ബദൽ യാത്രാസംവിധാനമോ ഇല്ല.
"വെയിറ്റിംഗ് ലിസ്റ്റഡ്'എന്ന മാന്യമായ വാക്കിനു പിന്നിൽ മറഞ്ഞിരിക്കുന്നതു ദേശീയ മൊബിലിറ്റി പരാജയമാണിതെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.