'സ്റ്റാർ ട്രെക്ക്' പരമ്പരയിലൂടെ ലോകപ്രശസ്തനായ യുഎസ് നടൻ വാൾട്ടർ കൊണിഗ് (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഞായറാഴ്ച ലോസ് ഏഞ്ചൽസിലെ നോർത്ത് ഹോളിവുഡിലുള്ള വസതിയിലായിരുന്നു അന്ത്യം. അന്ത്യസമയത്തു മകളും മരുമകളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
'സ്റ്റാർ ട്രെക്ക്' ഒറിജിനൽ ടെലിവിഷൻ പരമ്പരയിൽ (1967-1969) യുഎസ്എസ് എന്റർപ്രൈസ് കപ്പലിലെ റഷ്യൻ നാവികനായ എൻസൈൻ പാവെൽ ചെക്കോവ് എന്ന കഥാപാത്രത്തിലൂടെയാണ് വാൾട്ടർ കൊണിഗ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഈ പരമ്പരയ്ക്കു പുറമെ 'സ്റ്റാർ ട്രെക്ക്: ദി മോഷൻ പിക്ചർ', 'സ്റ്റാർ ട്രെക്ക് II: ദി റാത് ഓഫ് ഖാൻ', 'സ്റ്റാർ ട്രെക്ക് VI: ദി അൺഡിസ്കവേർഡ് കൺട്രി' തുടങ്ങി ഏഴ് ചിത്രങ്ങളിലും അദ്ദേഹം ഈ കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കുകയുണ്ടായി.
ടെലിവിഷൻ, സിനിമ, നാടകം എന്നീ മേഖലകളിൽ ആറര പതിറ്റാണ്ടിലേറെ നീണ്ട കരിയറാണ് അദ്ദേഹത്തിനുള്ളത്. അഭിനയത്തിനു പുറമെ തിരക്കഥാകൃത്ത്, അധ്യാപകൻ, മനുഷ്യാവകാശ പ്രവർത്തകൻ എന്നീ നിലകളിലും മഹാനടൻ പ്രവർത്തിച്ചു.
വാൾട്ടർ കൊണിഗിന്റെ വിയോഗത്തിൽ സഹതാരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.