ലണ്ടൻ: അടിയന്തര സാഹചര്യങ്ങളെ നേരിടാൻ 'ബി റെഡി' കാമ്പെയ്നുമായി യുകെ. യുദ്ധഭീഷണി, കലാപങ്ങൾ, സൈബർ ആക്രമണങ്ങൾ, പ്രകൃതിക്ഷോഭങ്ങൾ തുടങ്ങിയവ മുൻകൂട്ടി കണ്ടു ജനങ്ങൾ താമസ്ഥലങ്ങളിൽ ഭക്ഷണസാധനങ്ങളും അവശ്യവസ്തുക്കളും കരുതണമെന്നാണു പ്രതിരോധവകുപ്പിന്റെ നിർദേശം.
രാജ്യത്തിന്റെ ദേശീയ സുരക്ഷയും പ്രതിരോധശേഷിയും വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കാമ്പെയ്ൻ. ദൈനംദിന സേവനങ്ങളിൽ തടസമുണ്ടാകുന്ന സാഹചര്യങ്ങൾ ഉടലെടുത്താൽ മൂന്നു ദിവസത്തേക്ക് ആവശ്യമായ കരുതൽ ശേഖരം താമസസ്ഥലത്തുണ്ടാകണമെന്നാണു നിർദേശം.
കുടിവെള്ളം, ടിന്നുകളിൽ അടച്ച ഭക്ഷ്യവസ്തുക്കൾ, ടോർച്ച്, റേഡിയോ, ഫസ്റ്റ് എയ്ഡ് കിറ്റുകൾ തുടങ്ങിയവയുടെ എമർജൻസി കിറ്റ് കരുതണമെന്നാണു സർക്കാരിന്റെ പുതിയ നിർദേശം. ഒറ്റത്തവണയായി ശേഖരിക്കുന്നതിനു പകരം, ഘട്ടം ഘട്ടമായി ശേഖരിക്കണമെന്നും നിർദേശത്തിലുണ്ട്.
റഷ്യയുടെ ഭാഗത്തുനിന്നുള്ള ഭീഷണികളും യുദ്ധസാധ്യതകളും മുൻനിർത്തി രാജ്യത്തെ സുസജ്ജമാക്കേണ്ടതുണ്ടെന്നു പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി. റഷ്യയുടെ സൈനികശേഷി വർധിച്ചുവരുന്ന സാഹചര്യത്തിൽ 2030-ാടെ സംഭവിക്കാൻ സാധ്യതയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ രാജ്യം തയാറെടുക്കണമെന്നാണു മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ദേശീയ പ്രതിരോധവും സുരക്ഷയും ഗൗരവമായി കാണണമെന്നും പ്രതിരോധ സെക്രട്ടറി ആവശ്യപ്പെട്ടു.
സൈബർ ഭീഷണികൾക്കും യുദ്ധസാധ്യതകൾക്കും പുറമെ കാലാവസ്ഥാ വ്യതിയാനവും രാജ്യത്തിനു ആശങ്കയാകുകയാണ്. സമീപകാലത്തുണ്ടായ കനത്ത ചൂടും വരൾച്ചയും കാർഷികമേഖലയെ ഗുരുതരമായി ബാധിച്ചു. ഇതു ഭക്ഷ്യക്ഷാമത്തിനു കാരണമായേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പുനൽകുന്നുണ്ട്.