വാഷിംഗ്ടൺ ഡി.സിയിലെ നാഷണൽ മാളിന് സമീപം പുലർച്ചെ പ്രത്യക്ഷപ്പെട്ട ഒരു വിവാദ ശില്പം ഇപ്പോൾ ആഗോളതലത്തിൽ ചർച്ചയാകുകയാണ്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അന്തരിച്ച കുറ്റവാളി ജെഫ്രി എപ്സ്റ്റീനും ഉൾപ്പെട്ട ഈ കലാസൃഷ്ടി 'ടൈറ്റാനിക്' എന്ന വിശ്വപ്രസിദ്ധ സിനിമയിലെ പ്രണയരംഗത്തെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.
ഏകദേശം 12 ആടി ഉയരമുള്ള ഈ സ്വർണ പ്രതിമയിൽ ട്രംപിന്റെ കൈകളിൽ എപ്സ്റ്റീൻ നിൽക്കുന്ന രീതിയിലുള്ള ചിത്രീകരണം അത്യന്തം പരിഹാസരൂപേണയാണ് അവതരിപ്പിച്ചിരിക്കുന്നത്.
വാഷിംഗ്ടൺ സ്മാരകത്തിന് അഭിമുഖമായി സ്ഥാപിക്കപ്പെട്ട ഈ ശില്പത്തിന് താഴെ ഒരു പ്ലാക്ക് ഘടിപ്പിച്ചിട്ടുണ്ട്. സിനിമയിലെ സാങ്കൽപ്പിക പ്രണയകഥയെ ട്രംപും എപ്സ്റ്റീനും തമ്മിലുള്ള യഥാർഥ ബന്ധവുമായി താരതമ്യം ചെയ്യുന്ന വരികളാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ആഡംബര യാത്രകളെയും രഹസ്യ ഇടപാടുകളെയും കുറിച്ചുള്ള വിരോധാഭാസം നിറഞ്ഞ വരികൾ ഈ രണ്ട് വ്യക്തികൾക്കുമെതിരെയുള്ള കടുത്ത വിമർശനമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
ഇതിനുപുറമെ നാഷണൽ മാളിനും ക്യാപിറ്റോൾ കെട്ടിടത്തിനുമിടയിൽ പത്തോളം വലിയ ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും 'അമേരിക്കയെ സുരക്ഷിതമാക്കൂ' എന്ന മുദ്രാവാക്യവും കാണാം.
യുഎസ് നീതിന്യായ വകുപ്പിന്റെ ഔദ്യോഗിക ചിഹ്നവും ഇതിൽ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അതിലെ 'നീതി' എന്ന വാക്ക് കറുത്ത മഷി കൊണ്ട് മായ്ച്ചുകളഞ്ഞത് അമേരിക്കൻ ഭരണകൂടത്തോടുള്ള കലാകാരന്മാരുടെ പ്രതിഷേധത്തെയാണ് സൂചിപ്പിക്കുന്നത്.
ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഇൻസ്റ്റാളേഷൻ പ്രത്യക്ഷപ്പെട്ടതെന്നത് ശ്രദ്ധേയമാണ്.
കുട്ടികളെ കടത്തിയതുമായി ബന്ധപ്പെട്ട ഗുരുതരമായ കുറ്റാരോപണങ്ങൾ നേരിട്ടിരുന്ന എപ്സ്റ്റീൻ 2019-ൽ തടവിൽ കഴിയുമ്പോഴാണ് മരിച്ചത്.
എപ്സ്റ്റീനുമായി സൗഹൃദമുണ്ടായിരുന്നുവെന്ന് ട്രംപ് മുൻപ് സമ്മതിച്ചിട്ടുണ്ടെങ്കിലും നിയമപരമായ പ്രശ്നങ്ങൾ തുടങ്ങുന്നതിന് വർഷങ്ങൾക്ക് മുൻപേ താൻ ആ ബന്ധം ഉപേക്ഷിച്ചതാണെന്നാണ് അദ്ദേഹത്തിന്റെ വാദം.
രാഷ്ട്രീയ വിഷയങ്ങളിൽ അപ്രതീക്ഷിതമായി പ്രതിമകൾ സ്ഥാപിക്കുന്ന 'സീക്രട്ട് ഹാൻഡ്ഷെയ്ക്ക്' എന്ന അജ്ഞാത കലാകാരന്മാരുടെ സംഘമാണ് ഇതിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്.
സമാനമായ രീതിയിൽ കഴിഞ്ഞ സെപ്റ്റംബറിലും ഇവർ ഒരു പ്രതിമ സ്ഥാപിച്ചിരുന്നെങ്കിലും അധികൃതർ അത് ഉടൻ തന്നെ അവിടെ നിന്നും മാറ്റിയിരുന്നു.