പാറ്റ്ന: അന്യസ്ത്രീയുമായി ബന്ധമുണ്ടെന്ന പരാതിയിൽ പൊലിസ് കസ്റ്റഡിയിലെടുത്ത യുവാവിനെ സ്റ്റേഷനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അഞ്ച് പൊലിസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ബിഹാറിലെ സഹർസ ജില്ലയിലെ സഹർ ബസാർ പൊലിസ് സ്റ്റേഷനിലാണ് സംഭവം. അൻമോൽ കുമാർ എന്ന യുവാവിനെയാണ് ചൊവ്വാഴ്ച രാവിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൂന്ന് ദിവസം മുമ്പാണ് അൻമോൽ കുമാറിനെ പൊലിസ് കസ്റ്റഡിയിലെടുത്തതെന്ന് ഭാര്യ ലീന ദേവി വ്യക്തമാക്കി. മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച് യുവതിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
അതേസമയം, മകനെ വിട്ടയക്കുന്നതിനായി പൊലിസ് 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി അൻമോലിന്റെ അമ്മ ആരോപിച്ചു. സ്റ്റേഷനിൽ പലതവണ ചെന്നിട്ടും മകനെ കാണാൻ പൊലിസ് അനുവദിച്ചില്ലെന്നും അവർ പറഞ്ഞു.
സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ അൻമോൽ ശുചിമുറിയിലേക്ക് പോകുന്നത് പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരൂ എന്നും ഉന്നത പൊലിസ് ഉദ്യോഗസ്ഥർ അറിയിച്ചു.