നെടുമങ്ങാട്: തെങ്കാശി അന്തർസംസ്ഥാന പാതയിൽ പഴകുറ്റി കശുവണ്ടി ഫാക്ടറി ജംഗ്ഷനിൽ ഓട പൂർണമായി അടഞ്ഞതിനെ തുടർന്നു മലിനജലം റോഡിലൂടെ ഒഴുകുന്നുവെന്ന് ആക്ഷേപം.
ഓടയിൽ കാടും പടർപ്പും വളർന്നു നീരൊഴുക്ക് പൂർണമായി തടസപ്പെട്ടതാണ് പ്രദേശത്തു വലിയ ദുരിതത്തിന് കാരണമായിരിക്കുന്നത്. ചെറിയ മഴ പെയ്താൽ പോലും റോഡിന്റെ പകുതിയോളം ഭാഗം വെള്ളക്കെട്ടിലാകുന്നത് കാൽനടയാത്രക്കാരെയും വാഹനയാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കു ന്നുണ്ട്. ഓടകൾ അടഞ്ഞിട്ടും ഇവ വൃത്തിയാക്കാൻ അധികൃതരുടെ ഭാഗത്തുനിന്നു യാതൊരുനടപടിയും ഉണ്ടാകുന്നില്ല. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിപ്പോലും തൊഴിലാളികളെ ഉപയോഗിച്ച് ഓട വെട്ടിത്തെളിച്ച് വൃത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പുകളോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ തയാറാകുന്നില്ല. ചെളിയും മാലിന്യവും അടിഞ്ഞുകൂടി ഓട പൂർണമായി മൂടിപ്പോയ നിലയി ലാണ്. മഴക്കാലത്തിനു മുന്നോടിയായി നടക്കേണ്ട ഓട ശുചീകരണം ഇവിടെ പേരിനുപോലും നടത്തിയിട്ടില്ല.
റോഡിന്റെ പകുതിയോളം ഭാഗം വെള്ളം കയറിക്കിടക്കുന്നതിനാൽ ഇതുവഴി പോകുന്ന ഇരുചക്ര വാഹനയാത്രക്കാർ വെള്ളത്തിൽ വീഴാതിരിക്കാൻ ഒതുക്കി വാഹനം ഓടിക്കാൻ നിർബന്ധിതരാകുന്നു. വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്ന സ്ഥലം ശക്തമായ വളവുകൂടിയായതിനാൽ അമിതവേഗതയിൽ എതിർദിശയിൽ നിന്നെത്തുന്ന വാഹനങ്ങൾ ഇരുചക്ര വാഹനയാത്രക്കാരുടെ മേൽ ഇടിക്കുന്നത് പതിവായിരിക്കുകയാണ്. ഇത് ഈ ഭാഗത്തെ അപകടക്കെണി യാക്കി മാറ്റിയിരിക്കുകയാണ്.