തിരിമറിയും വെട്ടിപ്പും പഴയതുപോലെ നടക്കില്ലെങ്കിലും പണം ചോരുന്ന വഴികൾ ഇനിയുമുണ്ട് കെഎസ്ആർടിസിയിൽ. ഈ ചോർച്ച കണ്ടുപിടിച്ച് അടച്ചാൽമാത്രം നഷ്ടമില്ലാതെ നിരത്തിലിറക്കാൻ കഴിയും.
പരിശോധന മെഷീൻ മാത്രം
ടിക്കറ്റ് മെഷീനായാലും കള്ളക്കളി നടത്താമെന്നാണ് കെഎസ്ആർടിസിയിലെ ഉദ്യോഗസ്ഥർതന്നെ പറയുന്നത്. നിലവിൽ, ചെക്കിംഗ് ഇൻസ്പെക്ടമാർ മെഷീൻ മാത്രമാണു പരിശോധിക്കുന്നത്. മെഷീനൊപ്പം കണ്ടക്ടർമാരുടെ കൈവശം ടിക്കറ്റ് റാക്കും ഉണ്ട്. മെഷീൻ കേടായാൽ റാക്ക് ഉപയോഗിച്ച് ടിക്കറ്റ് മുറിക്കണമെന്നാണു നിർദേശം. ചിലർ ഈ റാക്ക് ഉപയോഗിച്ച് പോക്കറ്റ് മണി സന്പാദിക്കുന്നുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.
ഒരു കന്പനി, പല ക്വട്ടേഷൻ
സ്പെയർ പാർട്ടുകൾ ഉൾപ്പെടെ വാങ്ങാൻ ക്വട്ടേഷനുകൾ സ്വീകരിക്കാറുണ്ട്. കാലങ്ങളായി കൂടുതൽ കമ്മീഷൻ കിട്ടുന്ന സ്ഥാപനങ്ങളിൽനിന്നാണ് സ്പെയർ പാർട്ടുകൾ വാങ്ങുന്നത്. ക്വട്ടേഷൻ സ്വീകരിക്കുന്പോൾ പല കന്പനികളുടെ പേരിൽ ക്വട്ടേഷൻ വരാറുണ്ട്. എന്നാൽ, ഒരു കന്പനിതന്നെയാണ് പല പേരിൽ ക്വട്ടേഷനുകൾ നല്‍കുന്നതെന്നാണു പറയപ്പെടുന്നത്. നിലവാരം കുറഞ്ഞ സ്പെയർ പാർട്സ് ഉപയോഗിക്കുന്നതിനാൽ ചുരുങ്ങിയ കാലാവധിക്കുള്ളിൽ ഗുണനിലവാരം നഷ്ടമാവുകയും ചെയ്യും. അതിനാൽ അടുത്ത ക്വട്ടേഷൻ പെട്ടെന്നു ലഭിക്കുന്നു.
ഡിപ്പോ തലവനാകേണ്ടത് മെക്കാനിക്കൽ എൻജിനിയർ
നിലവിൽ കണ്ടക്ടർമാർക്കു പ്രൊമോഷൻ ലഭിച്ചാണ് ഡിപ്പോ മേധാവിമാരായി മാറുന്നത്. ഡിപ്പോ മേധാവിമാരുടെ അധീനതയിലുള്ള ബസുകളുടെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടത് ഈ കണ്ടക്ടർമാരാണ്. ബസുകൾക്കു തകരാർ സംഭവിച്ചാൽ കണ്ടക്ടർ എന്ന നിലയിലുള്ള മേധാവിക്കു പെട്ടെന്ന് പരിഹാരം കണ്ടെത്താൻ സാധിക്കില്ല. അതേസമയം മെക്കാനിക്കൽ വിഭാഗത്തിൽനിന്ന് മേധാവിമാരായാൽ ബസുകളുടെ തകരാർ പെട്ടെന്നു മനസിലാക്കാനും ട്രിപ്പ് മുടങ്ങാതെ വളരെ വേഗത്തിൽ പുനഃസ്ഥാപിക്കാനും സാധിക്കും.
ദേശസാത്കൃത റൂട്ടുകളും മറിച്ചുകൊടുത്തു
കേരളത്തിൽ 33 ദേശസാത്കൃത റൂട്ടുകൾ ഉണ്ടായിരുന്നു. 1976ലാണ് റൂട്ടുകൾ ദേശസാത്കരിച്ചത്. കെഎസ്ആർടിസിക്കു മാത്രമാണ് ഈ റൂട്ടുകളിൽ ഓടാനുള്ള അധികാരം. എന്നാൽ, സ്വകാര്യബസുകൾക്ക് ഈ റൂട്ടിൽ താത്കാലിക പെർമിറ്റ് സംവിധാനം ഏർപ്പെടുത്തി. നാലുമാസം മാത്രം അനുവദിച്ച താത്കാലിക പെർമിറ്റ് ജനപ്രതിനിധികളുടെ ഇടപെടലിൽ നീട്ടിക്കൊടുത്തു. 2006 മുതലാണ് താത്കാലിക പെർമിറ്റ് നല്കിത്തുടങ്ങിയത്. ലാഭകരമാകണമെങ്കിൽ കെഎസ്ആർടിസിയുടെ റൂട്ടിൽനിന്ന് സ്വകാര്യ ബസുകളെ ഒഴിവാക്കണമെന്ന് ജസ്റ്റീസ് രാമചന്ദ്രൻ നായർ കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
ലൈസൻസുണ്ട്, ബോഡി നിർമിക്കില്ല
കെഎസ്ആർടിസിക്ക് സ്വന്തമായി ബോഡി നിർമിക്കാനുള്ള ലൈസൻസുണ്ട്. എന്നാൽ നിർമിക്കുന്നില്ല. കൊണ്ടോട്ടി, എടപ്പാൾ, നടക്കാവ് എന്നിവിടങ്ങളിലാണ് ബോഡി നിർമാണ കേന്ദ്രങ്ങൾ. തമിഴ്നാട് ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിലാണ് ഇപ്പോഴും ബോഡി നിർമിക്കുന്നത്.
പ്രീ പെയ്ഡ് കാർഡ് സംവിധാനം
2018ൽ നടപ്പാക്കിയതാണ് കെഎസ്ആർടിസി പ്രീ പെയ്ഡ് കാർഡ് സംവിധാനം. ഫെഡറൽ ബാങ്കിനെയാണ് ഏൽപ്പിച്ചത്. ഒരു പ്രാവശ്യം സ്വൈപ്പ് ചെയ്താൽ 15 പൈസ വീതമാണ് ഫെഡറൽ ബാങ്കിനു ലഭിക്കുന്നത്. കാർഡ് വഴി ലഭിക്കുന്ന പണം ഒരാഴ്ച കഴിഞ്ഞാലേ കെഎസ്ആർടിസിക്കു ലഭിക്കൂ. കെഎസ്ആർടിസി സ്വന്തമായി കാർഡ് ഇറക്കിയിരുന്നെങ്കിൽ ബാങ്ക് കൊണ്ടുപോകുന്ന വരുമാനംകൂടി ലഭിക്കുമായിരുന്നു.
കണക്കുകൾ നൽകുന്ന പ്രതീക്ഷ
കോടിക്കണക്കിനു രൂപയുടെ ബാധ്യതകള്‍ തീര്‍ത്ത് വിജയപാതയിലേക്കു കുതിക്കാന്‍ കെഎസ്ആര്‍ടിസിക്കു കഴിയുമെന്നാണ് ടിക്കറ്റ്, ടിക്കറ്റിതര വരുമാനത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2019ല്‍ ഏണിംഗ് പെര് കിലോമീറ്റര്‍ (ഒരു കിലോമീറ്റര്‍ സഞ്ചരിക്കുമ്പോഴുള്ള വരുമാനം-ഇപികെഎം) 38.56 രൂപയായിരുന്നു. 2025 പകുതിയായപ്പോഴേക്കും അത് 49.58 രൂപയായി വര്‍ധിച്ചു. 2024 ജൂലൈയില്‍ 52 യൂണിറ്റുകള്‍ മാത്രം ഓപറേഷണല്‍ ടാര്‍ജറ്റ് നേടിയ സ്ഥാനത്ത് യൂണിറ്റ്തല ഏകോപനത്തിലൂടെ 2025 ഓഗസ്റ്റില്‍ ആകെയുള്ള 93 യൂണിറ്റുകളും ഓപറേഷണല്‍ ടാര്‍ജറ്റ് നേടി. 70 ഡിപ്പോകളെയും 23 ഓപറേറ്റിംഗ് സെന്ററുകളെയും ഏകോപിപ്പിക്കാന്‍ കഴിഞ്ഞതിലൂടെയുണ്ടായ നേട്ടം കെഎസ്ആര്‍ടിസി രക്ഷപ്പെടുമെന്ന പ്രതീക്ഷയാണ് നല്‍കുന്നത്.
നിലവിലുള്ള 5765 ബസുകളുപയോഗിച്ച് 4663 സര്‍വീസുകള്‍ നടത്തുന്ന കെഎസ്ആര്‍ടിസി മുന്‍സര്‍ക്കാരിന്റെ കാലത്ത് 35,682 കിലോമീറ്റര്‍ സര്‍വീസ് നിര്‍ത്തലാക്കുകയോ പുതിയ റൂട്ടില്‍ ക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്. വരുമാനം ഇനിയും വര്‍ധിപ്പിക്കാന്‍ കഴിയുമെന്നതിന്റെ സൂചനയാണ് 2025 സെപ്റ്റംബര്‍ എട്ടിന് കെഎസ്ആര്‍ടിസിക്ക് ബസ് സര്‍വീസിലൂടെ ലഭിച്ച വരുമാനം. അന്ന് ലഭിച്ച 10.19 കോടി രൂപ കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വരുമാനമാണ്.
വിജയത്തിന് നവീനപദ്ധതികൾ
വരുമാനം വര്‍ധിപ്പിക്കാന്‍ ആധുനിക സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഒട്ടേറെ നവീന പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇവയെല്ലാം വിജയം കണ്ടുതുടങ്ങി. വരുമാന ചോര്‍ച്ച കുറഞ്ഞു. ചെലവ് കുറഞ്ഞുതുടങ്ങി, ടിക്കറ്റിതര വരുമാനം കൂടി. സുതാര്യമായ ടെൻഡർ നടപടികളിലൂടെ പര്‍ച്ചേസ് ആരംഭിച്ചപ്പോള്‍ കമ്മീഷൻ ഇടപാട് കുറഞ്ഞു. മുമ്പ് പുതിയ ബസ് വാങ്ങുന്നതിലടക്കം ലക്ഷങ്ങളായിരുന്നു കമ്മീഷൻ.
ഇടപാടുകാര്‍ക്കുള്ള കമ്മീഷന് വിഹിതം കോര്പറേഷനുതന്നെ ലഭിക്കുന്ന വിധത്തില്‍ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തുന്ന കമ്പനികള്‍ക്കു കരാറുകള്‍ നല്‍കിത്തുടങ്ങിയതോടെ ആ നിലയ്ക്കുള്ള വരുമാനചോര്‍ച്ചയും നിയന്ത്രിക്കാനായി.
കോര്‍പറേഷന്റെ ടിക്കറ്റിതര വരുമാനം കൈകാര്യം ചെയ്യുന്ന എസ്റ്റേറ്റ് വിഭാഗത്തിലെ എല്ലാവിധ പണമിടപാടുകളും ഓണ്‍ലൈന്‍ വഴിയാക്കാന്‍ റെന്റല്‍ മാനേജ്മെന്റ് സിസ്റ്റം എന്ന സോഫ്റ്റ്വേര്‍ നടപ്പാക്കി. ഇതുവഴി കേരളത്തിലുടനീമുള്ള റെന്റ് സംബന്ധമായ പണമിടപാടുകള്‍ കൃത്യമായി അറിയാന്‍ സാധിക്കും. തിരിമറിയും വെട്ടിപ്പും പഴയതുപോലെ നടക്കില്ലെന്നു സാരം.
(തുടരും)