വയനാട്: സുൽത്താൻ ബത്തേരിയിൽ റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ വിദ്യാർഥിയുടെ മരണം സൈക്കിൾ അപകടത്തെത്തുടർന്നാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സൈക്കിൾ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പുൻകുഴി കാട്ടുനായ്ക്ക ഉന്നതിയിലെ ബിനു-ചിക്കി ദമ്പതികളുടെ മകൻ മനു ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം 6.30ഓടെയായിരുന്നു അപകടം. റോഡരികിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മനുവിനെ നാട്ടുകാർ ഉടൻ തന്നെ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആദ്യഘട്ടത്തിൽ കുട്ടിയെ മറ്റേതെങ്കിലും വാഹനമോ വ്യക്തിയോ ഇടിച്ചിട്ടതാകാമെന്ന രീതിയിൽ ചില സംശയങ്ങൾ ഉയർന്നിരുന്നു. എന്നാൽ പോലീസിന്റെ വിശദമായ അന്വേഷണത്തിനൊടുവിലാണ് സൈക്കിൾ നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിച്ചുകയറിയാണ് ദാരുണമായ അപകടമുണ്ടായതെന്ന് സ്ഥിരീകരിച്ചത്.