നാനി-ശ്രീകാന്ത് ഒഡേല കൂട്ടുകെട്ടിലൊരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ പ്രേക്ഷകരിലേക്ക് എത്തുന്നു. ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.
സെപ്റ്റംബർ 23-ന് രാത്രി കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെ സിനിപോളിസ് അടക്കമുള്ള സ്ക്രീനുകളിൽ ആരംഭിക്കുന്ന പ്രീമിയർ ഷോകളോടെയാണ് സിനിമയുടെ പ്രദർശനം തുടങ്ങുന്നത്.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് തിയേറ്ററുകളിലെത്തിക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രം സെപ്റ്റംബർ 24-ന് ലോകമെമ്പാടും റിലീസ് ചെയ്യും. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ടിക്കറ്റുകൾ ലഭ്യമാണ്.
ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറി നിർമ്മിക്കുന്ന ഈ ചിത്രം 'ദസറ'യ്ക്ക് ശേഷം സംവിധായകനും നാനിയും വീണ്ടും ഒന്നിക്കുന്ന പ്രോജക്ടാണ്.
വൻ ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനൊപ്പം വൈകാരികമായ ഒരമ്മ-മകൻ ബന്ധത്തിന്റെ കഥകൂടിയാണ് സിനിമ സംസാരിക്കുന്നത്. ജദാൽ എന്ന തികച്ചും വ്യത്യസ്ത മാസ് കഥാപാത്രമായാണ് നാനി ഇതിൽ പ്രത്യക്ഷപ്പെടുന്നത്.
രാഘവ് ജൂയൽ വിക്രം മാലിക് എന്ന വില്ലൻ വേഷം കൈകാര്യം ചെയ്യുമ്പോൾ കായദു ലോഹർ, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു തുടങ്ങിയ വൻ താരനിരയും അണിനിരക്കുന്നുണ്ട്.
അനിരുദ്ധ് രവിചന്ദർ ഈണം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് തുടങ്ങി എട്ട് ഭാഷകളിലാണ് ചിത്രം ആഗോളതലത്തിൽ പ്രദർശനത്തിനെത്തുന്നത്. സി എച്ച് സായ് ഛായാഗ്രഹണവും നവീൻ നൂലി എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.