കലിഫോർണിയ: ലോകമെമ്പാടുമുള്ള 70 ശതമാനത്തോളം വെബ്സൈറ്റുകൾ പ്രവർത്തിക്കുന്ന പിഎച്ച്പി പ്രോഗ്രാമിംഗ് ഭാഷയിൽ ദശാബ്ദത്തിലേറെയായി ഒളിഞ്ഞിരുന്ന ഗുരുതരമായ സുരക്ഷാവീഴ്ച കണ്ടെത്തി. നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് വൻ സുരക്ഷാഭീഷണി തിരിച്ചറിഞ്ഞത്.
ഇതേത്തുടർന്ന് വികസിതരാജ്യങ്ങളുടെ സർക്കാരുകളുടെയും പ്രമുഖ ആഗോള കമ്പനികളുടെയും വെബ്സൈറ്റുകൾ മുൻകരുതലിന്റെ ഭാഗമായി താത്കാലികമായി അടച്ചുപൂട്ടി.
എഐ കൈവരിച്ച വലിയ വഴിത്തിരിവ്
മനുഷ്യരായ വിദഗ്ധർക്കു മാസങ്ങളെടുത്ത് മാത്രം കണ്ടെത്താൻ കഴിയുന്ന സങ്കീർണമായ കോഡിംഗ് പിഴവുകൾ വെറും ഒരാഴ്ചയ്ക്കുള്ളിൽ എഐ മോഡലുകൾ ഉപയോഗിച്ച് തിരിച്ചറിയാൻ കഴിഞ്ഞു. ഗൂഗിളിന്റെ ജെമിനി, ഓപ്പൺഎഐയുടെ ജിപിടി, വിസ്, കാലിഫ് എന്നീ സ്ഥാപനങ്ങളിലെ ഗവേഷകരാണ് ‘php2shell’ എന്നു പേരിട്ടിരിക്കുന്ന ഈ തകരാറുകൾ കണ്ടെത്തിയത്. ദശാബ്ദത്തിലേറെയായി കോഡുകളിൽ ആരും കാണാതെ കിടന്ന ഈ പിഴവിലൂടെ ഹാക്കർമാർക്ക് വെബ്സൈറ്റുകളുടെ പാസ്വേഡ് അടക്കമുള്ള രഹസ്യവിവരങ്ങൾ ചോർത്താനും സിസ്റ്റങ്ങളുടെ പൂർണനിയന്ത്രണം ഏറ്റെടുക്കാനും സാധിക്കുമായിരുന്നു.
പരക്കേ ഹാക്കിംഗ് ശ്രമങ്ങൾ
വെബ്സൈറ്റുകളുടെ നിയന്ത്രണം വിദൂരത്തിരുന്ന് ഏറ്റെടുക്കാനും സേവനങ്ങൾ തടസപ്പെടുത്താനും ഈ സുരക്ഷാവീഴ്ചയിലൂടെ സാധിക്കുമെന്ന് പ്രമുഖ വെബ് ഇൻഫ്രാസ്ട്രക്ചർ ദാതാക്കളായ ക്ലൗഡ് ഫ്ലെയർ മുന്നറിയിപ്പ് നൽകി. തകരാറുകൾ പരിഹരിക്കാൻ പിഎച്ച്പി ഫൗണ്ടേഷൻ അടിയന്തര സുരക്ഷാ പാച്ച് പുറത്തിറക്കിയെങ്കിലും ഇത് അപ്ഡേറ്റ് ചെയ്യുന്നതിനു മുമ്പുതന്നെ വിവരങ്ങൾ ചോർന്നതു പ്രതിസന്ധി ഇരട്ടിയാക്കി.
ത
കരാർ പുറത്തുവന്ന് ആദ്യമണിക്കൂറുകളിൽ ലക്ഷക്കണക്കിന് ഹാക്കിംഗ് ശ്രമങ്ങളാണു രേഖപ്പെടുത്തിയതെങ്കിൽ നിലവിൽ അതു കോടികളിലേക്ക് ഉയർന്നതായി ക്ലൗഡ് ഫ്ലെയർ സിഇഒ മാത്യു പ്രിൻസ് വ്യക്തമാക്കി. 2014ൽ ഇന്റർനെറ്റിനെ വിറപ്പിച്ച ‘ഹാർട്ട് ബ്ലീഡ്’ സുരക്ഷാ ഭീഷണിയോടു സമാനമായ സാഹചര്യമാണിതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
നിശ്ചലമായി ആഗോള ഡിജിറ്റൽ സേവനങ്ങൾ
സുരക്ഷാ മുന്നറിയിപ്പിനെത്തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡിജിറ്റൽ സേവനങ്ങൾ താത്കാലികമായി നിർത്തിവച്ചു. യുകെ സർക്കാരിന്റെ 30ഓളം ഡിജിറ്റൽ സേവനങ്ങൾ ഭാഗികമായോ പൂർണമായോ നിർത്തിവച്ചു.
അയർലൻഡിലെ ദ് ജേണൽ വാർത്താ പോർട്ടൽ, ഫ്രാൻസിലെ ടെലികോം ഭീമനായ ഓറഞ്ച്, ഡെന്മാർക്ക്, ഫിൻലാൻഡ്, നെതർലാൻഡ്സ് എന്നിവിടങ്ങളിലെ സർക്കാർ പോർട്ടലുകൾ എന്നിവ ഓഫ്ലൈനാക്കി. വിക്കിപീഡിയയുടെ പ്രവർത്തനക്കാരായ വിക്കിമീഡിയ ഫൗണ്ടേഷനും തങ്ങളുടെ സിസ്റ്റങ്ങളിൽ സുരക്ഷാ അപ്ഡേറ്റുകൾ വരുത്തുന്നതായി അറിയിച്ചു.
ജപ്പാൻ പ്രധാനമന്ത്രി സനേ ടകൈച്ചി ജാഗ്രതാനിർദേശം നൽകിയതിനെത്തുടർന്ന് എഎൻഎ എയർലൈൻസ്, ജെആർ വെസ്റ്റ് റെയിൽവേ, എംയുഎഫ്ജി ബാങ്ക്, നോമുറ ബ്രോക്കറേജ് എന്നിവയുടെ ഓൺലൈൻ സേവനങ്ങൾ തടസപ്പെട്ടു.
ചൈനയും ദക്ഷിണ കൊറിയയും എല്ലാ സിസ്റ്റങ്ങളും അടിയന്തരമായി അപ്ഡേറ്റ് ചെയ്യാൻ നിർദേശം നൽകി. ദക്ഷിണകൊറിയ രാജ്യത്ത് അടിയന്തര ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
സാമ്പത്തിക നഷ്ടത്തിനും വിവരച്ചോർച്ചയ്ക്കും സാധ്യത
ലോകമെമ്പാടുമുള്ള 70 ശതമാനം വെബ്സൈറ്റുകളും വേർഡ്പ്രസ്, ഡ്രൂപ്പൽ തുടങ്ങിയ ജനപ്രിയ കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റങ്ങളും ഉപയോഗിക്കുന്നത് പിഎച്ച്പിയിലാണ്. വ്യാപാര ആവശ്യങ്ങൾക്കും ബാങ്കിംഗിനുമായി കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന സംവിധാനമായതിനാൽ വലിയ സാമ്പത്തിക നഷ്ടത്തിനും വിവരച്ചോർച്ചയ്ക്കും സാധ്യതയുണ്ടെന്ന് സാമ്പത്തിക ഉപദേശക സ്ഥാപനമായ ഡിവിർ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു.
യുഎസ് നാഷണൽ സെക്യൂരിറ്റി ഏജൻസിയും യൂറോപ്യൻ സൈബർ സെക്യൂരിറ്റി ഏജൻസിയും അടിയന്തരമായി സെക്യൂരിറ്റി പാച്ചുകൾ ഇൻസ്റ്റാൾ ചെയ്യാൻ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.