നാല് വധുമാരുടെ അകമ്പടിയോടെ വധുവിനെ വേളികഴിക്കുന്ന വരൻ! കേൾക്കുമ്പോൾ അല്പം അതിശയിപ്പിക്കുന്നതാണെങ്കിലും ഒരു ഇന്ത്യൻ വിവാഹവേദിയിൽ നിന്നുള്ള അതീവ രസകരമായ ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്.
വടക്കേ ഇന്ത്യൻ വിവാഹങ്ങളിലെ പ്രധാന ചടങ്ങായ ‘ഫേര' അഥവാ അഗ്നിപ്രദക്ഷിണത്തിനിടെയാണ് തികച്ചും അപ്രതീക്ഷിതവും എന്നാൽ കൗതുകകരവുമായ ഈ സംഭവങ്ങൾ അരങ്ങേറിയത്. വധൂവരന്മാർ അഗ്നിയെ സാക്ഷിയാക്കി ഏഴുതവണ വലംവെക്കുന്നതാണ് ഈ ചടങ്ങ്.
എന്നാൽ വധുവിനൊപ്പം അവളുടെ മൂന്ന് ഉറ്റ സുഹൃത്തുക്കൾ കൂടി ഈ ചടങ്ങിൽ പങ്കുചേർന്നതോടെ സംഭവം ആകെമാറി മറിഞ്ഞു. യഥാർഥത്തിൽ വധു ധരിച്ചിരുന്ന ഭാരമേറിയ വിവാഹ വസ്ത്രം കൈകാര്യം ചെയ്യാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദേശികളായ അവളുടെ സുഹൃത്തുക്കൾ കൂടെ നടന്നത്.
എന്നാൽ വധുവിന്റെ പുറകിലായി വരിവരിയായി നടന്ന് ഈ പ്രദിക്ഷണം പൂർത്തിയാക്കുന്ന സുഹൃത്തുക്കൾ തങ്ങളും ഈ ചടങ്ങിന്റെ ഭാഗമാകുകയാണെന്നോ, ആചാരപ്രകാരം അത് വധുവിനുള്ള സ്ഥാനമാണെന്നോ തിരിച്ചറിഞ്ഞിരുന്നില്ല.
ഇതോടെ ആളുകളുടെ മുൻപിൽ ഒരേസമയം നാല് വധുമാരെ വിവാഹം കഴിക്കുന്ന വരനെപ്പോലെ നിതീഷ് എന്ന യുവാവ് മാറി. പുരോഹിതനും മറ്റ് ബന്ധുക്കളും ഉടൻ തന്നെ ഇടപെട്ട് അബദ്ധം തിരുത്തിയെങ്കിലും അപ്പോഴേക്കും കല്യാണപ്പന്തലിൽ ചിരി പടർന്നിരുന്നു.
ആചാരങ്ങളിലെ പിഴവുകൾക്ക് അപ്പുറം, വ്യത്യസ്ത രാജ്യങ്ങളിൽ നിന്നും മതങ്ങളിൽ നിന്നുമുള്ള പെൺകുട്ടികൾ തങ്ങളുടെ സുഹൃത്തിനുവേണ്ടി ഒത്തുചേർന്ന ആ നിമിഷത്തെ സ്നേഹത്തോടെയാണ് ലോകം സ്വീകരിച്ചത്.
ഇൻസ്റ്റാഗ്രാമിലൂടെ വൈറലായ ഈ വീഡിയോയ്ക്ക് താഴെ ലക്ഷക്കണക്കിന് ആളുകളാണ് പ്രതികരണങ്ങളുമായി എത്തിയത്. കനിഷ്ക എന്ന വധു തന്റെ ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെ ഇതിനെ വ്യക്തമാക്കുന്നത് സ്നേഹത്തിന് അതിർവരമ്പുകളില്ല എന്നാണ്.
ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും എത്തിയ തന്റെ പ്രിയപ്പെട്ടവർക്ക് ഇന്ത്യൻ സംസ്കാരം പുതിയ അനുഭവമായിരുന്നുവെന്നും പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും വൈവിധ്യങ്ങളെ ആഘോഷിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
ഹിജാബ് ധരിച്ച പെൺകുട്ടികളും വിദേശ സുഹൃത്തുക്കളും ഇന്ത്യൻ വധുവിനൊപ്പം ചേർന്നുനിൽക്കുന്ന ഈ കാഴ്ച യഥാർഥ ഇന്ത്യയുടെ സൗഹാർദ്ദ മുഖമാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.