ചാവക്കാട്: കുന്നംകുളം ആർത്താറ്റ് ശനിയാഴ്ച അർധരാത്രിയുണ്ടായ വാഹനാപകടത്തിൽ മരിച്ച ദമ്പതികളുടെയും കുഞ്ഞിന്റെയും കബറടക്കം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ എടക്കഴിയൂർ ജുമാ അത്ത് പള്ളി കബർസ്ഥാനിൽ നടന്നു.
എടക്കഴിയൂർ ഖദിരിയ്യ പള്ളിക്കു കിഴക്ക് താഴത്ത് നൂർദിന്റെ മകൻ മുനീർ (34), ഭാര്യ മണത്തല സ്വദേശിനി ഷിഫന (26), മകൻ എമിൽ ഐബിക് (മൂന്ന് ) എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറിയാണ് ദുരന്തമുണ്ടായത്.
മുനീറിന്റെ മാതൃസഹോദരിയുടെ മകളുടെ വിവാഹമായിരുന്നു ഇന്നലെ. മൈലാഞ്ചി കല്യാണത്തിൽ പങ്കെടുത്ത് രാത്രി വീട്ടിലേക്കു തിരികെ വരുന്നതിനിടെയാണ് അപകടമുണ്ടായത്. ആർത്താറ്റ് എത്തിയപ്പോൾ മുനീറിന് ഫോൺ കോൾ വന്നു.
ബൈക്ക് റോഡരികിൽ നിർത്തി മുനീർ ഫോണിൽ സംസാരിക്കുന്നതിനിടയിൽ ഭാര്യ സമീപത്തു നിന്ന് കുട്ടിയെ മൂത്രമൊഴിപ്പിക്കുകയായിരുന്നു. അപ്പോഴാണ് നിയന്ത്രണംവിട്ടു പാഞ്ഞെത്തിയ കാർ ഇവരെ ഇടിച്ചുതെറിപ്പിച്ച് വൈദ്യുതത്തൂണിലേക്ക് ഇടിച്ചുകയറിയത്.
വിവരമറിഞ്ഞ് കല്യാണവീട് നിമിഷനേരംകൊണ്ട് കണ്ണീരിൽ മുങ്ങി. നാളെ നേരത്തേ വരാമെന്നുപറഞ്ഞ് യാത്രപറഞ്ഞവർ ഇനി വരില്ലെന്ന വിവരം ബന്ധുക്കൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ലായിരുന്നു.
വിവാഹം ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങു മാത്രമായി നടത്തി. മൂവരെയും ഒരുമിച്ചു കബറടക്കി. കല്യാണത്തിൽ പങ്കെടുക്കാനായി ഒരാഴ്ച മുമ്പാണ് മുനീർ ഖത്തറിൽനിന്ന് അവധിക്കു നാട്ടിലെത്തിയത്.