പാറ്റ്ന: വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം സൽക്കാരച്ചടങ്ങിനിടെ വരൻ കുഴഞ്ഞുവീണ് മരിച്ചു. ബിഹാറിലെ കതിഹാർ ജില്ലയിലാണ് സംഭവം. ആയുഷ് ഡോക്ടറായ പവൻകുമാർ യാദവാണ് മരിച്ചത്. ബുധനാഴ്ചയായിരുന്നു പവൻകുമാറിന്റെ വിവാഹം. വരന്റെ ഗ്രാമത്തിൽ നിന്നും വലിയ ഘോഷയാത്രയായി വധുവിന്റെ ഗ്രാമമായ ദിറ ചന്ദ്പുരിലെത്തിയാണ് ആഘോഷമായി വിവാഹച്ചടങ്ങുകൾ നടത്തിയത്. വ്യാഴാഴ്ച വധുവിനൊപ്പം പറ്റ്നയിലെ വസതിയിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെയാണ് സൽക്കാരം ഒരുക്കിയത്.
സൽക്കാരച്ചടങ്ങുകൾ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പവൻ കുഴഞ്ഞുവീഴുകയായിരുന്നു. ചടങ്ങിനെത്തിയവർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പുർണിയയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
പവന്റെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ നവവധുവും തളർന്നുവീണു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം പവൻകുമാറിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.