Business
ന്യൂഡൽഹി: പ്രമേഹ ചികിത്സാരംഗത്ത് നിർണായക ചുവടുവയ്പുമായി ആഴ്ചയിൽ ഒരിക്കൽ മാത്രം ഉപയോഗിക്കാവുന്ന പുതിയ ഇൻസുലിൻ ഇന്ത്യയിൽ ലഭ്യമായിത്തുടങ്ങി.
ഡെന്മാർക്ക് ആസ്ഥാനമായുള്ള പ്രമുഖ മരുന്ന് നിർമാണ കമ്പനിയായ നോവോ നോർഡിസ്ക് ആണ് ‘ആവിക്ലി’ എന്ന ബ്രാൻഡ് നാമത്തിൽ ‘ഇക്കോഡെക്’ ഇൻസുലിൻ വിപണിയിലെത്തിച്ചത്. പ്രായപൂർത്തിയായ ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹബാധിതർക്ക് ഒരുപോലെ ഉപയോഗിക്കാവുന്നതാണ് ഈ മരുന്ന്.
നിലവിൽ പ്രമേഹരോഗികൾ ദിവസവും ഒന്നോ അതിലധികമോ തവണ ഇൻസുലിൻ കുത്തിവയ്ക്കേണ്ട സ്ഥാനത്ത് പുതിയ മരുന്ന് ആഴ്ചയിൽ ഒരു തവണ മാത്രം എടുത്താൽ മതിയാകും. ഇതോടെ വർഷത്തിൽ വേണ്ടിവരുന്ന കുത്തിവയ്പുകളുടെ എണ്ണം 365ൽനിന്നും വെറും 52 ആയി കുറയും. ശരീരത്തിൽ പ്രവേശിച്ചശേഷം ഏഴു ദിവസത്തേക്ക് കൃത്യമായ അളവിൽ ഇൻസുലിൻ പുറത്തുവിടാൻ തക്കവണ്ണമാണ് ഇതിന്റെ തന്മാത്രാഘടന രൂപകല്പന ചെയ്തിരിക്കുന്നത്.
കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ കൃത്യമായ പരിശോധനകൾക്കും അനുമതിക്കും ശേഷമാണ് വ്യാഴാഴ്ച ഈ മരുന്ന് വിപണിയിലെത്തിച്ചിരിക്കുന്നത്. ആഗോളതലത്തിൽ നടന്ന വിപുലമായ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ദിവസേനയെടുക്കുന്ന ഇൻസുലിനേക്കാൾ സുരക്ഷിതവും ഫലപ്രദവുമാണ് ഇതെന്ന് തെളിഞ്ഞിട്ടുണ്ട്.
എന്നാൽ, ദിവസേനയുള്ള ഇൻസുലിനിൽനിന്നും പുതിയ രീതിയിലേക്ക് മാറുന്നതിനുമുന്പ് കൃത്യമായ ഡോസ് നിശ്ചയിക്കാൻ പ്രമേഹരോഗ വിദഗ്ധന്റെ ഉപദേശം തേടേണ്ടത് അനിവാര്യമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.
District News
നെടുങ്കണ്ടം: ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില് നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എസ്. യശോധരന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആര്. രാമചന്ദ്രന് അധ്യക്ഷത വഹിച്ചു.
സ്കൂള് കുട്ടികള്ക്കുള്ള സൗജന്യ കണ്ണട വിതരണം നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ശിഹാബ് ഈട്ടിക്കലും മുതിര്ന്നവര്ക്കുള്ള സൗജന്യ കണ്ണട വിതരണം റോട്ടറി ഈസ്റ്റ് ഹില്സ് പ്രസിഡന്റ് സോജന് കുര്യാക്കോസും നിര്വഹിച്ചു. ജില്ലാ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധ ഡോ. മീര മാത്യു ബോധവത്കരണ ക്ലാസ് നടത്തി.
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷെറിന് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെംബര് ഷൈജ സണ്ണി, ജില്ലാ ഡെപ്യൂട്ടി എഡ്യുക്കേഷന് ആന്ഡ് മാസ് മീഡിയ ഓഫീസര് ഷൈലാ ബായ്, വിനോദ് കുമാര് തുടങ്ങിയവര് പ്രസംഗിച്ചു.
തുടര്ന്നു നടന്ന സൗജന്യ നേത്രപരിശോധനാ ക്യാമ്പിന് ഡോ. മീര മാത്യു, സീനിയര് ഒപ്റ്റോമെട്രിസ്റ്റ് ഏബ്രഹാം വര്ഗീസ്, ജിമിന മരിയ ജോസ്, ഷഹാമ, സേതുലക്ഷ്മി, രമ്യ ജോയ്, പി.എസ്. സന്ധ്യാമോള് എന്നിവര് നേതൃത്വം നല്കി. ക്യാമ്പില് 70 പേര് പങ്കെടുത്തു.
District News
ആലപ്പുഴ: ഭരണഭാഷാവാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, വിവര പൊതുജന സമ്പർക്ക വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. കൈയക്ഷര മത്സരം, കേട്ടെഴുത്ത്, വിവർത്തനം എന്നീ മത്സരവിജയികളെയാണ് തെരഞ്ഞെടുത്തത്.
കൈയക്ഷര മത്സരത്തിൽ ആറാട്ടുപുഴ ഗവ. ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. രശ്മി രാമകൃഷ്ണൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കാവാലം ഗവ. എൽപിഎസ് അധ്യാപകൻ പി. തോമസ് രണ്ടാം സ്ഥാനം നേടി. കളക്ടറേറ്റ് സീനിയർ ക്ലർക്ക് ജി. മഞ്ജുള, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി മീഡിയ ഓഫീസർ ഡോ. ആർ. സേതുനാഥ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കേട്ടെഴുത്ത് മത്സരത്തിൽ ഖാദി ബോർഡ് ഓഫീസ് അസിസ്റ്റന്റ് എം. ഷിമി ഒന്നാം സ്ഥാനം കരസ്ഥമാക്കി. തദ്ദേശസ്വയംഭരണവകുപ്പ് ഓവർസിയർ എൻ.വി. നിഷ, കാവാലം ഗവ. എൽപിഎസ് അധ്യാപകൻ പി. തോമസ് എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. കളക്ടറേറ്റ് റവന്യൂ വിഭാഗം സീനിയർ ക്ലർക്ക് ജി. മഞ്ജുള, എൽഐഡി & ഇ ഡബ്ല്യൂ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ കെ.വി. മായാ എന്നിവർ മൂന്നാം സ്ഥാനവും നേടി.
വിവർത്തന മത്സരത്തിൽ കാവാലം ഗവ. എൽപിഎസ് അധ്യാപകൻ പി. തോമസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആരോഗ്യവകുപ്പ് ഡെപ്യൂട്ടി മീഡിയ ഓഫീസർ ഡോ. ആർ. സേതുനാഥ് രണ്ടാം സ്ഥാനവും ഖാദി ബോർഡ് മാനേജർ മെർലീന ആന്റണി മൂന്നാം സ്ഥാനവും സ്വന്തമാക്കി.