ലണ്ടൻ: വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ് ഭാരം അനുവദനീയമായ പരിധിയിലും കൂടുതലാണെന്ന് പൈലറ്റ് അറിയിച്ചതിനെ തുടർന്ന് സ്വമേധയാ ഇറങ്ങി അഞ്ച് യാത്രക്കാർ. ലണ്ടനിൽ നിന്ന് സ്പെയിനിലെ മലാഗയിലേക്ക് പോകേണ്ടിയിരുന്ന ഈസിജെറ്റ് (U27008) വിമാനത്തിലാണ് സംഭവം നടന്നത്.
ലണ്ടൻ സൗത്തെൻഡ് വിമാനത്താവളത്തിലെ റൺവേയുടെ നീളം കുറവായതും അന്നത്തെ കാലാവസ്ഥയും കാരണം നിശ്ചിത ഭാരത്തിൽ കൂടുതൽ വിമാനത്തിന് വഹിക്കാൻ കഴിയില്ലായിരുന്നു. ആരെങ്കിലും സ്വമേധയാ ഇറങ്ങാൻ തയാറായില്ലെങ്കിൽ എല്ലാ യാത്രക്കാരുടെയും ലഗേജുകൾ ഒഴിവാക്കേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.
ഒടുവിൽ അഞ്ച് യാത്രക്കാർ ഇറങ്ങാൻ തയാറായതോടെ പ്രശ്നം പരിഹരിക്കപ്പെട്ടു. വിമാനത്തിൽ പത്ത് സീറ്റുകൾ ഒഴിവുണ്ടായിട്ടും ഭാരക്കൂടുതൽ കാരണം യാത്രക്കാരെ ഒഴിവാക്കേണ്ടി വന്നു എന്നത് ശ്രദ്ധേയമാണ്.
ഇറങ്ങിക്കൊടുത്ത അഞ്ച് പേരെ മറ്റൊരു വിമാനത്താവളത്തിൽ എത്തിക്കുകയും അവിടെ നിന്ന് മലാഗയിലേക്ക് പോകാൻ സൗകര്യം ഒരുക്കുകയും ചെയ്തു. കൂടാതെ ഇവർക്ക് ഏകദേശം 200 മുതൽ 400 യൂറോ വരെ നഷ്ടപരിഹാരവും നൽകി.
മറ്റ് യാത്രക്കാരുടെ കൈയടികളോടെയാണ് ഇറങ്ങിക്കൊടുത്ത അഞ്ച് പേരെ വിമാനത്തിൽ നിന്നും യാത്രയാക്കിയത്. വിമാനം 20 മിനിറ്റ് വൈകിയാണ് അന്ന് പുറപ്പെട്ടത്.