വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. വിദേശ പിച്ചിലെ ടെസ്റ്റ് ഇന്നിംഗ്സിൽ ഇന്ത്യയുടെ ആദ്യ അഞ്ച് ബാറ്റർമാരും അർധസെഞ്ചുറി നേടി റിക്കാർഡിട്ട മത്സരത്തിൽ മൂന്നാം ദിനം കളി അവസാനിപ്പിക്കുന്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 486 റണ്‍സ് എന്ന ശക്തമായ നിലയിലാണ്.
കെ.എൽ. രാഹുലിന്റെ (136) തകർപ്പൻ സെഞ്ചുറിയും ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (98), യശസ്വി ജയ്സ്വാൾ (85), ദേവ്ദത്ത് പടിക്കൽ (80), വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് (55) എന്നിവരുടെ അർധ സെഞ്ചുറിയുമാണ് പുതുചരിത്രം കുറിച്ചത്. ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിംഗ്സിനെതിരേ 118 റണ്‍സിന്റെ ലീഡുമായാണ് മൂന്നാം ദിനം ഇന്ത്യ കളി അവസാനിപ്പിച്ചത്. ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിംഗ്സ് 368 റണ്‍സിൽ അവസാനിച്ചിരുന്നു.
രണ്ട് ദിവസം ബാക്കി നിൽക്കേ ഇന്നത്തെ ആദ്യ സെഷനുകളിൽ മികച്ച റണ്‍റേറ്റിൽ സ്കോർ ഉയർത്തി ന്യൂസിലൻഡിനെ സമ്മർദത്തിലാക്കുകയാകും ഇന്ത്യയുടെ ലക്ഷ്യം. ഋഷഭ് പന്തിലാകും പ്രതീക്ഷ. വാഷിംഗ്ടണ്‍ സുന്ദറടക്കം ബാറ്റിംഗ് പിന്തുണയുണ്ടെന്നത് കരുത്താണ്.
94 വർഷം, ആദ്യം
94 വർഷത്തിനിടയ്ക്ക് ആദ്യമായാണ് ഒരു എവേ ടെസ്റ്റിൽ ഇന്ത്യൻ ടീമിലെ അഞ്ച് മുൻനിര ബാറ്റർമാരും അർധസെഞ്ചുറി നേടുന്നത്. ടെസ്റ്റിൽ അഞ്ച് തവണയാണ് ഇന്ത്യൻ ടീം ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഇതിൽ നാല് തവണയും മത്സരം ഇന്ത്യയിൽവച്ചായിരുന്നു. കിവീസ് മണ്ണിൽ അഞ്ച് ബാറ്റർമാരും അർധസെഞ്ചുറി തികച്ചതോടെ ഇന്ത്യ മറ്റൊരു നേട്ടംകൂടി സ്വന്തമാക്കി.
ഒരു വിക്കറ്റ് നഷ്ടത്തിൽ 159 റണ്‍സ് എന്ന നിലയിൽ മൂന്നാം ദിനം മത്സരം തുടർന്ന ഇന്ത്യക്കായി രാഹുൽ സെഞ്ചുറി തികച്ചു. 13-ാം ടെസ്റ്റ് സെഞ്ചുറി നേടിയ രാഹുലിനു പിന്നാലെ ശുഭ്മാൻ ഗില്ലും ദേവ്ദത്ത് പടിക്കലും ഋഷഭ് പന്തും അർധസെഞ്ചുറി നേടിയതോടെ ഇന്ത്യ വൻ സ്കോറിലേക്ക് കുതിച്ചു. 62 പന്തിൽ 55 റണ്‍സോടെ ഋഷഭ് പന്ത് ക്രീസിൽ തുടരുകയാണ്. രണ്ടാം ദിനം ഓപ്പണർ യശ്വസി ജയ്സ്വാൾ ഇന്ത്യക്കായി അർധസെഞ്ചുറി നേടിയിരുന്നു.
രാഹുൽ നേട്ടം
സെഞ്ചുറി തികച്ച കെ.എൽ. രാഹുൽ റിക്കാർഡും സ്വന്തമാക്കി. സെന (സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്ട്രേലിയ) രാജ്യങ്ങൾക്കെതിരേ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ഓപ്പണർ എന്ന നേട്ടമാണ് രാഹുൽ സ്വന്തമാക്കിയത്. 12 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ താരം ന്യൂസിലൻഡിൽ ടെസ്റ്റ് സെഞ്ചുറി നേടുന്നത്. 2014 ഫെബ്രുവരിയിൽ അജിങ്ക്യ രഹാനെയും വിരാട് കോഹ്ലിയുമാണ് സെഞ്ചുറി നേടിയത്. ഇതേ ഗ്രൗണ്ടിൽ തന്നെയായിരുന്നു ഇരുവരുടേയും സെഞ്ചുറി.
ഗില്ലും പന്തും 3,000
ഇന്നലെ അർധസെഞ്ചുറി പിന്നിട്ട ശുഭ്മാൻ ഗില്ലും ഋഷഭ് പന്തും ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിൽ 3000 റണ്‍സ് തികച്ചു. ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിൽ 3000 റണ്‍സ് തികയ്ക്കുന്ന ആദ്യ വിക്കറ്റ് കീപ്പർ ബാറ്റർകൂടിയാണ് പന്ത്.