ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ കൃത്യമായ നിലപാടെടുക്കാത്തതിലും രാജ്യത്തെ ഊർജ പ്രതിസന്ധിക്കു കാരണമായ വിദേശനയത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്ഗ്രസ്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും പ്രധാനമന്ത്രി മോദി കീഴടങ്ങിയെന്നു കോണ്ഗ്രസ് മാധ്യമവിഭാഗം തലവൻ പവൻ ഖേര കുറ്റപ്പെടുത്തി.
ഇത്തരം സാഹചര്യങ്ങളിൽ ഇന്ത്യ മുന്പ് ചെയ്തതുപോലെ മോദി ധൈര്യം കാണിക്കുകയും ധാർമിക നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നെങ്കിൽ രാജ്യം ഇന്ന് ഊർജ പ്രതിസന്ധി നേരിടില്ലായിരുന്നുവെന്ന് പവൻ ഖേര പറഞ്ഞു.
രാജ്യത്തുടനീളമുള്ള 60 ശതമാനം വീടുകളും എൽപിജി ക്ഷാമം നേരിടുന്നതും 14.2 കിലോഗ്രാം സിലിണ്ടറിൽ 10 കിലോഗ്രാം ഗ്യാസ് മാത്രം വിതരണം ചെയ്യുന്നതിനെക്കുറിച്ച് അധികൃതർ ആലോചിക്കുന്നതും കോണ്ഗ്രസ് വക്താവ് ചൂണ്ടിക്കാട്ടി.
പ്രതിസന്ധിയെ "മോദി നിർമിത ദുരന്തം’ എന്നു വിശേഷിപ്പിച്ച പവൻ ഖേര, എൽപിജി പ്രതിസന്ധിയിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും നയതന്ത്രപരമായ ഒരു പദ്ധതിയുമില്ലെന്നും കുറ്റപ്പെടുത്തി.
ബ്രിക്സിന്റെ അധ്യക്ഷൻ എന്ന നിലയിൽ ഇന്ത്യ മറ്റു രാജ്യങ്ങളെപ്പോലെ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമായിരുന്നുവെന്ന് പവൻ പറഞ്ഞു. എന്നാൽ മോദിക്ക് നേരെ നിൽക്കാനുള്ള കഴിവില്ലെന്നും അദ്ദേഹം വിട്ടുവീഴ്ച ചെയ്തെന്നും കോണ്ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
ഹോർമുസ് കടലിടുക്ക് വഴി റഷ്യയ്ക്കും ചൈനയ്ക്കും സ്വതന്ത്രമായ പ്രവേശനമുണ്ടെന്ന് കോണ്ഗ്രസ് വക്താവ് ചൂണ്ടിക്കാട്ടി. ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങൾ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്നതിനായി ഇറാനുമായി ചർച്ച നടത്തുന്നുണ്ടെന്നും പവൻ ഖേര ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി ശരിയായ നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ ഹോർമുസ് കടലിടുക്ക് ഇന്ത്യക്കും തുറന്നുകൊടുക്കുമായിരുന്നുവെന്നും ഇറാന് അനുകൂലമായി നിലപാട് സ്വീകരിക്കാൻ തന്റെ പാർട്ടി ഒരിക്കലും മോദിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഇന്ത്യ എല്ലാ കാലത്തും നിലകൊണ്ടിട്ടുള്ള സ്വതന്ത്രവും ധാർമികവുമായ നിലപാട് സ്വീകരിക്കണമെന്ന് മാത്രമാണ് കോണ്ഗ്രസ് ആഗ്രഹിച്ചതെന്നും പവൻ ഖേര വ്യക്തമാക്കി.