കോട്ടയം: എല്‍പിജി ക്ഷാമം റബര്‍ അധിഷ്ഠിത വ്യവസായങ്ങളെയും പ്രതികൂലമായി ബാധിച്ചുതുടങ്ങി. ഗ്യാസില്‍ പ്രവര്‍ത്തിച്ചിരുന്ന ക്രംബ് ഫാക്ടറികള്‍ പ്രവര്‍ത്തനം നിര്‍ത്തിത്തുടങ്ങി. ഇതോടെ ഒട്ടുപാലിന് ഡിമാന്‍ഡ് കുറഞ്ഞു. റബര്‍ ഷീറ്റ് വിദേശവില അഭ്യന്തരവിലയേക്കാള് കൂടുതലുണ്ടെങ്കിലും ഇറക്കുമതി കുറവാണ്.
ടയര്‍ കമ്പനികള്‍ക്ക് ആവശ്യമായ രാസവസ്തുക്കളുടെയും നൂലുകളുടെയും ഇറക്കുമതി നിലച്ചത് വൈകാതെ ഫാക്ടറികളുടെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമാകും.
ഈ സാഹചര്യത്തില്‍ ചില ടയര്‍ കമ്പനികള്‍ ആഭ്യന്തര വിപണിയില്‍ നിന്ന് ഒരാഴ്ചയായി ചരക്ക് വാങ്ങല്‍ കുറച്ചു. റബര്‍ ആഭ്യന്തര വിലയില്‍ നേരിയ ഇടിവുണ്ടായത് ഇതേ തുടര്‍ന്നാണ്. ടയര്‍ ഉത്പാദനച്ചെലവിന്റെ 40-45 ശതമാനവും പെട്രോ കെമിക്കല്‍ സാമഗ്രികള്‍ക്കാണ്.
എല്‍പിജിയും സിഎന്‍ജിയും അവശ്യവസ്തുക്കളുടെ പട്ടികയില്‍ ലഭ്യമാക്കണമെന്ന് ടയര്‍ നിര്‍മാതാക്കളുടെ കൂട്ടായ്മയായ ആത്മ ആവശ്യപ്പെട്ടിട്ടുണ്ട്. ഗള്‍ഫ് മേഖലയിലേക്കുള്ള ടയര്‍, വാഹന കയറ്റുമതി നിലച്ചുകഴിഞ്ഞു. ലാറ്റക്സില്നിന്നുള്ള ഗ്ലൗസ് ഉള്‍പ്പെടെ സാമഗ്രികളുടെ കയറ്റുമതിയിലും ഇടിവുണ്ടായി.
ക്രൂഡ് ഓയില്‍ വില വര്‍ധന സിന്തറ്റിക് റബര്‍ വ്യവസായത്തിന് തിരിച്ചടിയായി. നാഫ്ത, എത്ലിന്‍, ബുടാഡെയ്ന്, സ്റ്റിറെയ്ന്, കാര്‍ബണ്‍ ബ്ലാക്ക് തുടങ്ങിയ പെട്രോ കെമിക്കല്‍ ഇനങ്ങളുടെ വില ഉയര്‍ന്നു.
ഉത്പാദനച്ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ ടയര്‍ വില കൂടിയേക്കാം. ചെരിപ്പ്, ഗമ്പൂട്ട് ഉള്‍പ്പെടെ റബര്‍ ഫാക്ടറികള്‍ ഉത്പാദനം കുറച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷം വാഹനവില്പനയിലും അനിശ്ചിതത്വമുണ്ടാക്കിയിട്ടുണ്ട്.