വടക്കഞ്ചേരി: പുതുക്കോട് സർക്കാർ ആശുപത്രിയിൽ പിഞ്ചുകുഞ്ഞുങ്ങൾക്ക് കുത്തിവയ്പിന്റെ ഭാഗമായി നൽകിയത് കാലാവധി കഴിഞ്ഞ മരുന്നെന്നു പരാതി. കഴിഞ്ഞമാസം കാലാവധി കഴിഞ്ഞ പാരസെറ്റമോൾ സിറപ്പാണ് ആശുപത്രിയിൽനിന്ന് നൽകിയത്.
മൂന്നുമാസത്തിനു താഴെ പ്രായമുള്ള കുട്ടികൾക്ക് കുത്തിവയ്പ്പിനുശേഷം പനി വന്നാൽ കൊടുക്കാനുള്ള സിറപ്പിന്റെ വിതരണത്തിലാണ് പിഴവുവന്നത്. കുപ്പിയിൽ രേഖപ്പെടുത്തിയിരുന്ന തീയതി ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ വിവരം ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. അബദ്ധം സംഭവിച്ചതാണെന്നും വിതരണംചെയ്ത മരുന്നുകൾ തിരികെ വാങ്ങി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കുടുംബാരോഗ്യ കേന്ദ്രത്തിലെ അധികൃതർ അറിയിച്ചു.
കാലാവധി കഴിഞ്ഞ മരുന്ന് കൊടുത്തതുകൊണ്ട് ഫലമുണ്ടാകില്ല എന്നതാണ് പ്രശ്നം. എന്നാൽ ആശുപത്രിയിൽനിന്ന് മരുന്ന് തെറ്റി നൽകുന്നത് ഗുരുതര സ്വഭാവമുള്ള വിഷയമാണെന്നും സംഭവിക്കാൻ പാടില്ലാത്തതുമാണെന്നുമാണ് ചൂണ്ടിക്കാട്ടുന്നത്.
വിവരമറിഞ്ഞ് പി.പി. സുമോദ് എംഎൽഎ, ജില്ലാ മെഡിക്കൽ ഓഫീസർ തുടങ്ങിയവർ ആശുപത്രിയിലെത്തി. വീഴ്ച വരുത്തിയവർക്കെതിരേ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. സംഭവത്തിൽ ഡിഎംഒ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.