മല്ലപ്പള്ളി: വർഷങ്ങളായി പിരിഞ്ഞുതാമസിക്കുന്ന ഭാര്യയെയും മക്കളെയും നടുറോഡിൽ തടഞ്ഞുനിർത്തി ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചയാളെ കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ ചൂലിപ്പുറം നെയ്യുണ്ണിൽ മനോജ് (43) നെയാണ് കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രണ്ടിന് ഉച്ചയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
മദ്യപിച്ച് സ്ഥിരമായി ഉപദ്രവം ഉണ്ടാക്കുന്നതുമൂലം ഇയാളുടെ ഭാര്യയും മൂന്ന് മക്കളും രണ്ടു വർഷത്തിൽ അധികമായി സ്വന്തം വീട്ടിലായിരുന്നു താമസം. ഇപ്പോൾ ഇവർ വിവാഹമോചന കേസ് കൊടുത്തതിലുള്ള വിരോധമൂലമാണ് ആക്രമണമെന്ന് പറയുന്നു.
ഒരു ബൈക്കിൽ എത്തി ഭാര്യയെയും മക്കളെയും നടുറോഡിൽ ആക്രമിക്കുകയായിരുന്നു. ഭാര്യയുടെ ആദ്യ വിവാഹത്തിലെ രണ്ട് പെൺകുട്ടികളാണ് ഒപ്പം ഉണ്ടായിരുന്നത്. മുഖത്തും കണ്ണിനും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ മല്ലപ്പള്ളി ഗവൺമെന്റ് ആശുപത്രിയിലും തുടർന്ന് കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകി.
കസ്റ്റഡിയിലെടുക്കുന്നതിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്.
കീഴ്വായ്പൂർ പോലീസ് ഇൻസ്പക്ടർ ഇ. അജീബ്, എസ്ഐമാരായ ടി. അനീഷ്, എൻ.എസ്. ഷാൻ, സിപിഒമാരായ സന്തോഷ്, അമൽ എന്നിവരടങ്ങിയ സംഘമാണ് മനോജിനെ അറസ്റ്റു ചെയ്തത്.