കട്ടിപ്പാറ: കട്ടിപ്പാറ പഞ്ചായത്തില്‍ കാട്ടുപന്നി ശല്യം രൂക്ഷം. കാട്ടുപന്നികള്‍ വനമേഖലയില്‍ നിന്ന് ഭക്ഷണം തേടി കര്‍ഷകരുടെ കൃഷിയിടങ്ങളിലക്ക് കൂട്ടത്തോടെ വന്നുകൊണ്ടിരിക്കുകയാണ്. കപ്പ, ചേന, വാഴ, പച്ചക്കറി തുടങ്ങിയ വിളകളെല്ലാം കാട്ടുപന്നികള്‍ നശിപ്പിക്കുന്നുണ്ട്. ചെറുകിട കര്‍ഷകര്‍ വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ വാങ്ങിയാണ് ഇടവിള കൃഷികള്‍ ചെയ്യുന്നത്.
വായ്പ തിരിച്ചടക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കുന്നില്ല. കാട്ടുപന്നികള്‍ കൃഷികള്‍ നശിപ്പിക്കുന്നതുകൊണ്ട് ഒട്ടേറെ കര്‍ഷകര്‍ ഇടവിള കൃഷികള്‍ ഉപേക്ഷിച്ചു.
കട്ടിപ്പാറ പഞ്ചായത്തിലെ എംപാനല്‍ ഷൂട്ടര്ന്മാരെയും വേട്ടനായ്ക്കളെയും ഉപയോഗിച്ച് കാടിളക്കി കാട്ടുപന്നികളെ വെടിവച്ചുകൊല്ലാന്‍ പഞ്ചായത്ത് ഭരണസമിതി നടപടി സ്വികരിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കര്‍ഷക കൂട്ടായ്മയോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ കെ.വി. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഷാന്‍ കട്ടിപ്പാറ, രാജു ജോണ്‍, സലിം പുല്ലടി, എന്‍.പി. കുഞ്ഞാലിക്കുട്ടി, സെബാസ്റ്റ്യന്‍ ഏറത്ത്, ജോസ് പയ്യപേല്, റജി മണിമല തുടങ്ങിയവര്‍ പ്രസംഗിച്ചു.